കൊല്ലം: വികസിത ഭാരതം ലഹരിമുക്ത യൗവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജനകാര്യ മന്ത്രാലയവും മൈ ഭാരത് പ്ലാറ്റ്ഫോമും സംയുക്തമായി സംഘടിപ്പിച്ച ‘നഷാ മുക്ത് യുവ’ യൂത്ത് സ്പിരിച്വൽ സമ്മിറ്റ് പോളയത്തോട് ശാന്തിഗിരി ആശ്രമത്തിൽ സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.
യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നുണ്ടെന്നും സ്വഭാവ ശുദ്ധീകരണം വീടുകളിൽ നിന്ന് ആരംഭിക്കണമെന്നും മാതാപിതാക്കൾ കുട്ടികളോട് സ്നേഹത്തോടെ പെരുമാറണമെന്നും സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാന തപസ്വി പറഞ്ഞു.
ശങ്കേഴ്സ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ.ശ്യാം പ്രസാദ്, അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.അനിൽകുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ, റിട്ട. ജില്ലാ ജഡ്ജി മുരളീ ശ്രീധർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കൊല്ലം ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. എസ്.പി.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
ദേശീയതല ഉദ്ഘാടനം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിച്ചു. വരും ദിവസങ്ങളിലും ബോധവത്കരണ ക്ലാസുകൾ, സിഗ്നേച്ചർ ഡ്രൈവ് തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഏരിയ മാനേജർ ജി.എസ്.രഞ്ജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |