കരുനാഗപ്പള്ളി: ജന്മദിനമായ ഇന്ന് മാതാ അമൃതാനന്ദമയി ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാൻ അമൃതപുരിയിലേക്ക് ഭക്തരുടെ പ്രവാഹം. അമ്മയുടെ ജന്മം കൊണ്ട് പരിപാവനമായ അമൃതപുരിയുടെ നിയന്ത്രണത്തിലുള്ള അമൃത വിശ്വവിദ്യാപീഠത്തിലാണ് ആഘാേഷ പരിപാടികൾ.
ജന്മദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്കാണ് മഠം തയ്യാറെടുത്തിട്ടുള്ളത്. ഒരു സമയം ഒരുലക്ഷംപേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തൽ സജ്ജമായിക്കഴിഞ്ഞു. പന്തലും അമ്മയ്ക്ക് ഇരിക്കാനായി നിർമ്മിച്ചിട്ടുള്ള പ്രത്യേക വേദിയും പുഷ്പാലംകൃതമാക്കി കഴിഞ്ഞു. അമ്മയുടെ പാദപൂജ ഉൾപ്പടെയുള്ള പരിപാടികൾ ലോകമെമ്പാടുമുള്ള ഭക്തർക്ക് തത്സമയം കാണാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി.
ആഘോഷ പരിപാടികൾ നടക്കുന്ന അമൃത എൻജിനിയറിംഗ് കോളേജിൽ നിന്ന് അമ്മക്ക് വേദിയിൽ എത്തുന്നതിനുള്ള പ്രത്യക വഴിയുടെ നിർമ്മാണവും പൂർത്തിയായി. അമൃത വിശ്വവിദ്യാപീഠത്തിലെത്തുന്ന ഭക്തർക്ക് കുടിവെള്ളം, ആഹാരം, അടിയന്തര വൈദ്യ സഹായം എന്നിവ നൽകുന്നതിനുള്ള കുറ്റമറ്റ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇക്കുറി അഞ്ച് ലക്ഷത്തോളം പേർ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് മഠം പ്രതീക്ഷിക്കുന്നത്.
ഇന്ന് ആഘോഷ പരിപാടികൾക്കിടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആദിവാസി ഗോത്രാംഗങ്ങൾ ചേർന്ന് ഒരു ലോകം ഒരു ഹൃദയം എന്ന സങ്കല്പത്തിൽ ലോകശാന്തിക്കായുള്ള പ്രാർത്ഥന നടത്തും. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം. ശേഷം പ്രശസ്ത സംഗീതരജ്ഞരായ ശരത്തും മഞ്ജരിയും ചേർന്ന് ഒരുക്കുന്ന സംഗീത വിരുന്ന്. 9 മണിക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അമ്മ വേദിയിൽ എത്തിച്ചേരും. തുടർന്ന് ഗുരുപാദപൂജ നടക്കും. സന്യാസി ശ്രഷ്ഠരുടെ മന്ത്രോച്ചാരണത്തോടെയാണ് സ്വാമി അമൃതസ്വരൂപാനന്ദപുരി അമ്മയുടെ പാദപൂജ നടത്തുന്നത്. തുടർന്ന് അമ്മയുടെ സത്സംഗവും ലോകശാന്തിക്കായുള്ള ധ്യാനം, ഭജന എന്നിവയും നടക്കും. അമൃപുരിയും അമൃത വിശ്വവിദ്യാലയും, അമൃത സേതുവുമെല്ലാം ദീപാലങ്കാരങ്ങൾ കൊണ്ട് പ്രകാശമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |