കൊല്ലം: കാശിനാഥനെന്ന 20കാരന്റെ മാന്ത്രിക വിരലുകളിലെ താളം ഇനി വെള്ളിത്തിരയിലും. ഒപ്പം മധുരമായ പാട്ടും. ഡോ.സതീഷ് ബാബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊട്ടാരക്കര നെടുവത്തൂർ നീലേശ്വരം ഇന്ദ്രനീലത്തിൽ പി.എസ്.ഗിരീഷ് കുമാറിന്റെയും അമ്പിളിയുടെയും മകൻ ജി.എ.കാശിനാഥൻ. ഒക്ടോബർ 10ന് വയനാട്ടിലാണ് ഷൂട്ടിംഗ്.
ജന്മനാ ഓട്ടിസത്തിന് തുല്യമായ മാനസിക വളർച്ചക്കുറവുള്ള കാശിനാഥൻ കൈവിരലുകൾ ഉറച്ചുതുടങ്ങിയപ്പോൾ മുതൽ തറയിലും കളിപ്പാട്ടങ്ങളിലുമൊക്കെ താളം കൊട്ടിയുണർത്തി.അഞ്ചാം വയസ് മുതൽ ഡ്രംസ് പരിശീലിച്ചു. കോമഡി ഉത്സവമടക്കം നിരവധി ടെലിവിഷൻ ചാനലുകളിലൂടെ സുപരിചിതനാണ്. ഇപ്പോൾ വീട്ടിൽ റെക്കാർഡിംഗ് സ്റ്റുഡിയോ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റുഡിയോയിലെത്തുന്നവർക്കായി പ്രദർശനവുമുണ്ട്. ചെന്നൈയിൽ ഡ്രംസ് പരിശീലിക്കുന്ന കാശിനാഥൻ ജാസ് ഡ്രം, ജിംബേ, കഹോൺ, ചെണ്ട, ഡോലക് എന്നിവ അനായാസം കൈകാര്യം ചെയ്യും. സ്കൂൾ കലോത്സവങ്ങളിൽ ഡ്രംസിനും ലളിതഗാനത്തിനും സംസ്ഥാന തലത്തിൽ സമ്മാനവും നേടി. മൂന്ന് ആൽബങ്ങളിൽ പാടി അഭിനയിച്ചു. കൊട്ടാരക്കര ടൗൺ യു.പി സ്കൂളിലും തൃക്കണ്ണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസിലുമായാണ് പഠനം. കാശിനാഥന്റെ കലാജീവിതത്തിന് പ്രോത്സാഹനമേകാൻ അനിയത്തി പ്ളസ് ടു വിദ്യാർത്ഥിനി ജി.എ.ഗൗരീലക്ഷ്മിയുമുണ്ട്.
ഷൂട്ടിംഗ് ഒക്ടോബറിൽ വയനാട്ടിൽ
കഴിഞ്ഞ മാസം ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിൽ നടന്ന ഇന്റർനാഷണൽ സ്പെഷ്യൽ മ്യൂസിക് ആൻഡ് ആർട്ട് ഫെസ്റ്റിവലിൽ പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾക്കൊപ്പം കാശിനാഥൻ പാട്ടുപാടി, ഡ്രംസ് വായിച്ച് മികവുകാട്ടി. 2021ൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടി. ചൈൽഡ് പ്രൊട്ടക്ട് ടീമിന്റെ ഈ വർഷത്തെ നക്ഷത്രബാല്യം അവാർഡും ചെന്നൈ നല്ലോർവട്ടം സംഘടനയുടെ സാധനൈ കുളൈന്തി പുരസ്കാരവും ലഭിച്ചു.
കൈയിൽ കിട്ടുന്ന എന്തിലും താളംപിടിക്കുന്നത് രസമാണ്. എല്ലാത്തരം പാട്ടും പാടിനോക്കാറുണ്ട്.
ജി.എ.കാശിനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |