കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരീക്ഷണം
കൊല്ലം: ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ രോഗ നിർണയത്തിനായി ശേഖരിക്കുന്ന സാമ്പിളുകൾ ലാബുകളിൽ എത്തിക്കാൻ ഇനി പോസ്റ്റ് ഓഫീസ് സേവനവും. പ്രാഥമിക ഹബ്ബായ ബ്ലോക്ക് പൊതുജനാരോഗ്യ ലാബ്, സെക്കൻഡറി ഹബ്ബായ താലൂക്ക് ആശുപത്രി, ബ്ലോക്ക്, ജില്ലാ പൊതുജനാരോഗ്യ ലാബുകൾ എന്നിവിടങ്ങളിലേക്ക് പോസ്റ്റ് ഓഫീസിൽ നിന്നുള്ള ജീവനക്കാരെത്തി സാമ്പിളുകൾ കൊണ്ടുപോകും.
നവകേരള കർമപദ്ധതിയുടെ ഭാഗമായിട്ടാണ് 'ഹബ്ബ് ആൻഡ് സ്‌പോക്ക് സാമ്പിൾ ട്രാൻസ്‌പോർട്ട്' നടപ്പാക്കുന്നത്.
ജില്ല ആശുപത്രി, താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, നഗര പ്രാഥമികാരോഗ്യ കേന്ദ്രം, ടി.ബി സെന്റർ തുടങ്ങി 93 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. പദ്ധതി നടത്തിപ്പിനായി എല്ലാ ആശുപത്രികളിലും പോസ്റ്റൽ ഓഫീസ് അക്കൗണ്ട് തുറന്നു. കസ്റ്റമർ ഐ.ഡിയും അക്കൗണ്ട് നമ്പറും നൽകലാണ് രണ്ടാമതായി പൂർത്തിയാക്കിയത്. ആശുപത്രി ജീവനക്കാർക്കും പോസ്റ്റ് ഓഫീസ് ജീവനക്കാർക്കും പരിശീലനം നൽകി. കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. ഇതുവരെ 34 ആരോഗ്യ സ്ഥാപനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി. ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാനതലത്തിൽ ഈ മാസം നടപ്പാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഇ- ഹെൽത്ത് സോഫ്ട് വെയർ
പരിശോധനകൾ ഇ - ഹെൽത്ത് സോഫ്റ്റ് വെയർ വഴി
സാമ്പിൾ പരിശോധിച്ചശേഷം ഇ-ഹെൽത്തിലൂടെ ഫലം ലഭ്യമാക്കും
ഇ-ഹെൽത്ത് ഐ.ഡി ഉപയോഗിച്ച് സാമ്പിളുകൾ അയയ്ക്കുന്നു
വ്യക്തിഗത തിരിച്ചറിയൽ നമ്പർ (യു.എച്ച്.ഐ.ഡി) ഉള്ളവർക്ക് മൊബൈൽ ഫോണിൽ എസ്.എം.എസ് ആയി ഫലം ലഭ്യമാകും
ഇ-ഹെൽത്ത് ഇല്ലാത്ത ആശുപത്രികളിൽ ലാബ് കമ്പ്യൂട്ടറൈസ്ഡ് ആക്കും
തുടർന്ന് വി.പി.എൻ (വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ലോഗിൻ ചെയ്ത് ഇ ഹെൽത്തിലേക്ക് കണക്ടിവിറ്റി ഉണ്ടാക്കും
സ്റ്റേറ്റ് ഐ.ടി മിഷനാണ് ഇത് ചെയ്യുന്നത്, ഇ-ഹെൽത്തിലൂടെ ഫലം അപ്‌ലോഡ് ചെയ്യാനാവും
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് തപാൽ വകുപ്പ് ജീവനക്കാരൻ സാമ്പിൾ ശേഖരിച്ച് മുകൾതട്ടിലെ ലാബുകളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്ന ഒരു രോഗിക്ക് രോഗനിർണയം നടത്താൻ പുറത്തുള്ള ലാബുകളെയോ മേൽത്തട്ടിലുള്ള ആശുപത്രികളെയോ ആശ്രയിക്കേണ്ട എന്നതാണ് ഗുണം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ നടത്തുന്നത്. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്
ഡോ. ദിവ്യ ശശി, നോഡൽ ഓഫീസർ, നവകേരള കർമ്മപദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |