കൊല്ലം: ശ്രീലങ്കൻ അഭയാർത്ഥികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശക്തികുളങ്ങരയിൽ 15 പേരുമായെത്തിയ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്നവരെ ശക്തികുളങ്ങര പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
എട്ട് പേർ ഒഡീഷക്കാരാണെന്നും ബാക്കി ഏഴ് പേർ തമിഴ്നാട് സ്വദേശികളാണെന്നുമാണ് ബോട്ടിലുള്ളവർ അവകാശപ്പെടുന്നത്. ഇവരുടെ പക്കലുള്ള അധാർ കാർഡുകൾ യഥാർത്ഥമാണോയെന്ന് പരിശോധിച്ച് വരികയാണ്. കോസ്റ്റൽ പൊലീസ് പിടിച്ചെടുത്ത ബോട്ടും പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മനുഷ്യക്കടത്താണോയെന്ന കാര്യത്തിൽ വ്യക്തത വരൂ.
കാർത്തിക എന്ന ബോട്ടിൽ ശ്രീലങ്കൻ അഭയാർത്ഥികൾ കേരള തീരത്തേക്ക് വരുന്നുവെന്നായിരുന്നു രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരള തീരത്തെ എല്ലാ ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും പരിശോധന നടത്തിയിരുന്നു. ഇതിനിടയിൽ തൃശൂർ അഴീക്കോടും കൊല്ലം ശക്തികുളങ്ങരയിലും കാർത്തികയെന്ന പേരിലുള്ള ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂരിൽ പിടികൂടിയ ബോട്ടിലുള്ളവരെയും ചോദ്യം ചെയ്തുവരികയാണ്. ശക്തികുളങ്ങരയിൽ പിടിച്ചെടുത്ത ബോട്ടിന് ഫിഷിംഗ് ലൈസൻസില്ല. ശക്തികുളങ്ങര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
കൊല്ലം കേന്ദ്രീകരിച്ച് പലതവണ ശ്രമം
കടൽമാർഗ്ഗം കാനഡയിലേക്ക് കടക്കാൻ തമിഴ്നാട്ടിൽ നിന്ന് എത്തിയ ശ്രീലങ്കൻ അഭയാർത്ഥികളെ 2022 സെപ്തംബറിൽ സിറ്റി പൊലീസ് കൊല്ലം തീരത്ത് വച്ച് പിടികൂടിയിട്ടുണ്ട്
2012ൽ കൊല്ലത്ത് നിന്ന് ബോട്ടിൽ ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കവേ 133 ശ്രീലങ്കൻ അഭയാർത്ഥികളെ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി പിടികൂടിയിരുന്നു. അതിന് മുമ്പ് ഒരു സംഘം വിജയകരമായി ആസ്ട്രേലിയയിലേക്ക് കടന്നിരുന്നു
2010 മേയ് 7നും മനുഷ്യക്കടത്ത് കേസ് കൊല്ലത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ ലോഡ്ജിൽ നിന്ന് ശ്രീലങ്കൻ സ്വദേശികളായ 28 പുരുഷന്മാരും 5 സ്ത്രീകളും 5 കുട്ടികളും അടക്കം 38 പേരെയാണ് അന്ന് പിടികൂടിയത്
എൽ.ടി.ടി പ്രവർത്തകർ അടക്കം പ്രതിയായ ഈ കേസിലെ പലരെയും കോടതി പിന്നീട് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |