ഓച്ചിറ: പടനിലത്ത് പതിനായിരങ്ങളെ സാക്ഷിയാക്കി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഇരുപത്തിയെട്ടാം ഓണാഘോഷം അരങ്ങേറി. ഇന്നലെ രാവിലെ മുതൽ ഓണാട്ടുകരയിലെ ഗ്രാമീണ മേഖല ഉത്സവ ഭരിതമായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് ശേഷമാണ് അലങ്കരിച്ച് ഒരുക്കിയ കെട്ടുരുപ്പടികൾ ഓച്ചിറയിലേക്ക് പുറപ്പെട്ടത്.
വിവിധ തരം വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ നൂറ് കണക്കിന് യുവാക്കൾ ചേർന്നാണ് കെട്ടുരുപ്പടികളെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. അഞ്ചിഞ്ച് മാത്രം ഉയരമുള്ള ലോഹ നിർമ്മിത കെട്ടുകാളകൾ മുതൽ അംബരചുംബികളായ അതിശയ കാഴ്ചകൾ വരെയാണ് പടനിലത്തെ പകൽപ്പൂരത്തെ വർണാഭമാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരുന്നു ഉത്സവം.
തലയെടുപ്പോടെ കാലഭൈരവനും
ഓണാട്ട് കതിരവനും
ഉയരം, കെട്ടുഭംഗി, നെറ്റിപ്പട്ടം, ശിരസുകളുടെ ശിൽപ്പ ചാതുര്യം തുടങ്ങി ഓരോ കെട്ടുരുപ്പടികളും വ്യത്യസ്തത പുലർത്തി. അറുപത്തിനാലടി ഉയരമുള്ള ഞക്കനാൽ കരയിലെ കാലഭൈരവൻ, അറുപത് അടി ഉയരമുള്ള കൃഷ്ണപുരം കരയിലെ ഓണാട്ട് കതിരവൻ എന്നിവ ഇത്തവണയും മികവ് നേടി. മുപ്പത് മുതൽ നാൽപ്പത് അടി വരെ ഉയരമുള്ള പത്തൊൻപതും ഇരുപത് മുതൽ മുപ്പത് അടി വരെ ഉയരമുള്ള അൻപതും പതിനഞ്ചടിക്ക് മുകളിൽ ഉയരമുള്ള മുപ്പത്തി അഞ്ചിൽപ്പരം കെട്ടുരുപ്പടികളും പകൽപ്പൂരത്തിന് മാറ്റ് കൂട്ടി.
കരകൾ-52
അണിനിരന്ന കെട്ടുകാളകൾ-200 ഓളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |