കൊല്ലം: തൃശൂരിൽ നടന്ന സി.ഐ.എസ്.സി.ഇ സംസ്ഥാനതല കരാട്ടെ മത്സരത്തിലും ബംഗളൂരുവിൽ നടന്ന നാഷണൽ മത്സരത്തിലും ഗോൾഡൻ പഞ്ചുമായി പന്ത്രണ്ടാം ക്ളാസുകാരി. പഴയാറ്റിൻകുഴി വിമല ഹൃദയ ഐ.എസ്.സി സ്കൂളിലെ എസ്.എൽ.ഗൗരി ലക്ഷ്മിയാണ് നേട്ടം ഇടിച്ചിട്ടത്.
ഇതോടെ പൂനയിൽ നടക്കുന്ന എസ്.ജി.എഫ്.ഐ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ പ്രതിനിധിയാണ് ഇരവിപുരം ലൈല ഭവനിൽ ലിജി-സീജ ലിജി ദമ്പതികളുടെ മൂത്ത മകൾ ഗൗരി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതല സി.ഐ.എസ്.സി.ഇ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയിരുന്നു. എന്നാൽ കൊൽക്കത്തയിൽ നടന്ന നാഷണൽ സി.ഐ.എസ്.സി.ഇ മത്സരത്തിൽ പങ്കെടുത്തിരുന്നില്ല. അതേ വർഷം കരാട്ടെ സ്പോർട്സ് അസോസിയേഷൻ സംസ്ഥാന തല മത്സരത്തിൽ സിൽവർ മെഡലും നേടി. തുടർന്ന് സംസ്ഥാന തല മത്സരങ്ങളിൽ വിവിധ മെഡലുകൾ നേടി.
രണ്ടാം ക്ലാസ് മുതൽ സ്കൂളിലും നാലാം ക്ലാസ് മുതൽ ഇരവിപുരം ജയ് ഭാരത് കരാട്ടെ സെന്ററിലെ വിനീതിന്റെയും ശിക്ഷണത്തിലാണ് കരാട്ടെ അഭ്യസിക്കുന്നത്. ഗൗരിയുടെ ഇളയ സഹോദരി ഗായത്രി ലക്ഷ്മിയും സി.ഐ.എസ്.സി.ഇ റീജിയണൽ മത്സരത്തിൽ സിൽവർ മെഡൽ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |