കൊല്ലം: ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന കൊല്ലം -തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗത്തിന്റെ വികസനത്തിന് വീണ്ടും സാദ്ധ്യതാ പരിശോധന. കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ.ബാലഗോപാൽ എൻ.എച്ച്.എ.ഐ, പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ധാരണ.
സ്ഥലമേറ്റെടുക്കൽ പരമാവധി കുറച്ച് ദേശീയപാത വികസിപ്പിക്കുന്നതിന്റെ സാദ്ധ്യതയാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ദേശീയപാത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ സംഘം അടുത്ത ദിവസങ്ങളിൽ പാതയുടെ വിവിധ ഭാഗങ്ങളിലെ വീതി പരിശോധിക്കും. തുടർന്ന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻ.എച്ച്.എ.ഐയുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. കാര്യമായ സ്ഥലമേറ്റെടുക്കൽ ആവശ്യമില്ലെങ്കിൽ നാലുവരിപ്പാത നിർമ്മാണത്തിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനാണ് സാദ്ധ്യത.
ഒരുവർഷം മുമ്പ് ഉപേക്ഷിച്ച സ്വപ്നം
1. കടമ്പാട്ടുകോണം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയുള്ളതിനാൽ വൻതുക മുടക്കി ചിന്നക്കട മുതൽ ഇടമൺ വരെ വികസിപ്പിക്കാനുള്ള പദ്ധതി ഒരുവർഷം മുമ്പ് എൻ.എച്ച്.എ.ഐ ഉപേക്ഷിച്ചിരുന്നു.
2. കൊല്ലം- തിരുമംഗലം പാത പത്തരമീറ്ററിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എൻ.എച്ച്.എ.ഐ നിയോഗിച്ച ഏജൻസി നടത്തിയ പഠനത്തിൽ വലിയ അളവിൽ സ്ഥലമേറ്റെടുപ്പ് വേണ്ടിവരുമെന്ന് കണ്ടെത്തിയിരുന്നു.
3. 2022ലെ സംസ്ഥാന ബഡ്ജറ്റിൽ കൊല്ലം- തിരുമംഗലം ദേശീയപാത വികസനം പ്രഖ്യാപിച്ചു.
4. ഇതിനിടെ കൊല്ലം തിരുമംഗലം പാതയിലെ ഇടമൺ മുതലുള്ള ഭാഗം നാലുവരിയായി വികസിപ്പിക്കുന്ന, കടമ്പാട്ടുകോണം- ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്ക് സ്ഥലമേറ്റെടുക്കൽ ആരംഭിച്ചു.
5. അതിന് പിന്നാലെ എൻ.എച്ച്.എ.ഐ ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ഭാഗത്തിന്റെ വികസനത്തിന് പദ്ധതിയിട്ടു
6. ഇതോടെ സംസ്ഥാന സർക്കാർ തങ്ങളുടെ പദ്ധതി ഉപേക്ഷിച്ചു.
7. തൊട്ടുപിന്നാലെ എൻ.എച്ച്.എ.ഐയും ചെലവ് ചൂണ്ടിക്കാട്ടി പദ്ധതിയിൽ നിന്ന് പിൻവാങ്ങി.
കഷ്ടിച്ച് ഏഴ് മീറ്റർ മാത്രം വീതിയുള്ള പാതയിലെ പ്രധാന ജംഗ്ഷനുകളിൽ അപകടങ്ങൾ പതിവാണ്. ഗതാഗത കുരുക്കും രൂക്ഷം.
യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |