പുനലൂർ: അടിസ്ഥാന സൗകര്യ വികസനവും പുതിയ ട്രെയിൻ സർവീസുകളും ഇല്ലാതെ കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ യാത്രക്കാർ ദുരിതത്തിൽ. 2018ൽ പൂർണമായും ഗേജ് മാറ്റി കമ്മിഷൻ ചെയ്തെങ്കിലും പാതയിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിക്കാനോ പുതിയ സർവീസുകൾ ആരംഭിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.
ഇപ്പോഴും 18 കോച്ചുകൾ ഉൾക്കൊള്ളാവുന്ന പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. പുനലൂർ, ഭഗവതിപുരം റെയിൽവേ സ്റ്റേഷനുകളിൽ 24 കോച്ചുകൾ നിറുത്താൻ തക്ക നീളമുള്ള പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്. എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിക്കാനുള്ള ജോലികൾ ആരംഭിച്ചു, പക്ഷെ ന്യൂ ആര്യങ്കാവ്, തെന്മല, ആവണീശ്വരം, കുണ്ടറ, കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിച്ചാൽ മാത്രമേ കോച്ചുകളുടെ എണ്ണം കൂട്ടാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ ശുപാർശ നിലവിലുണ്ടെങ്കിലും റെയിൽവേ നടപടികൾ ആരംഭിച്ചിട്ടില്ല.
മീറ്റർഗേജ് കാലത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിലും അലംഭാവം തുടരുകയാണ്. രണ്ട് ചെന്നൈ സർവീസുകൾ, ഒരു നാഗൂർ സർവീസ്, ഒരു കോയമ്പത്തൂർ സർവീസ്, രണ്ട് തിരുനെൽവേലി പാസഞ്ചർ സർവീസുകൾ, ഒരു ചെങ്കൊട്ട പാസഞ്ചർ, ഒരു മധുര പാസഞ്ചർ എന്നിവ മീറ്റർഗേജ് കാലത്ത് സർവീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആകെ ഒരു ചെന്നൈ സർവീസ്, ആഴ്ചയിൽ രണ്ട് ദിവസം വേളാങ്കണ്ണി സർവീസ്, പാലരുവി, ഗുരുവായൂർ-മധുര സർവീസുകൾ മാത്രമാണുള്ളത്. ചെങ്കോട്ട-ആര്യങ്കാവ്-തെന്മല-ഇടമൺ-പുനലൂർ ഭാഗങ്ങളിൽ ഉള്ളവർക്ക് ഒരു പാസഞ്ചർ സർവീസ് പോലും ലഭ്യമല്ല. കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യാൻ ജനങ്ങൾക്ക് ബസ് മാത്രമാണ് ആശ്രയം.
വികസനവും പുതിയ സർവീസും ഇല്ല
പുനലൂരിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കാരുടെ അവസ്ഥ ദയനീയം
തിങ്ങി ഞെരുങ്ങിയാണ് ഓരോ യാത്രയും
പുനലൂർ-കൊല്ലം മെമു സർവീസ് രാവിലെ 8.10ന്
അടുത്ത ട്രെയിൻ സർവീസ് വൈകിട്ട് 5.15ന്
പകൽ ഒൻപത് മണിക്കൂർ പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിൻ സർവീസ് ഇല്ല
ഉച്ചയ്ക്ക് പുനലൂർ-കൊല്ലം സർവീസ് ആരംഭിക്കണമെന്ന് ആവശ്യം
പുനലൂരിൽ വേണം മൂന്നാം പ്ളറ്റ്ഫോം
പുനലൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിൽ രാത്രിയും പകലും ട്രെയിനുള്ളതിനാൽ, പുനലൂർ റെയിൽവേ സ്റ്റേഷനെ ക്രോസിംഗ് സ്റ്റേഷനായി ഉപയോഗിക്കാൻ കഴിയില്ല. പുനലൂരിൽ മൂന്നാം പ്ലാറ്റ്ഫോം വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. തമിഴ്നാടിന് റെയിൽവേ നൽകുന്ന പരിഗണന കേരളത്തിന് ലഭിക്കുന്നില്ലെന്ന വാദം മനസിലാക്കാൻ വിരുദനഗർ മുതൽ കൊല്ലം വരെ സഞ്ചരിച്ചാൽ മതിയാകും. മധുര റെയിൽവേ ഡിവിഷൻ കേരളത്തിന്റെ ഭാഗത്തുള്ള ചെങ്കോട്ട-കൊല്ലം പാതയെ പൂർണമായും അവഗണിക്കുകയാണ്.
പുനലൂരിൽ നിന്ന് പകൽ കൂടുതൽ സർവീസുകൾ വേണമെന്ന് പലതവണ റെയിൽവേ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |