കൊല്ലം: ടിക്കറ്റിനുള്ള പണം ഡിജിറ്റലായി നൽകുന്നതിനിടയിലെ സാങ്കേതിക തകരാറുകൾ കാരണം റദ്ദാക്കുന്ന ഇടപാടുകളുടെ പണം തിരികെ ലഭിക്കാതെ ട്രെയിൻ യാത്രക്കാരുടെ കീശ ചോരുന്നു. 48 മണിക്കൂറിനുള്ളിൽ പണം തിരികെ ലഭിക്കാമെന്നാണ് വ്യവസ്ഥയെങ്കിലും പലർക്കും ഒരാഴ്ചയിലേറെ കഴിഞ്ഞാണ് ലഭിക്കുന്നത്.
പൂർത്തിയാകാത്ത ഇടപാടുകളുടെ പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പണമിടപാട് പരമാവധി ഡിജറ്റിലായി നടത്തണമെന്നാണ് റെയിൽവേ ജീവനക്കാർക്ക് കർശനമായ നിർദ്ദേശം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ്-റിസർവേഷൻ കൗണ്ടറുകളിൽ എത്തുന്നവരെ ജീവനക്കാർ നിർബന്ധിച്ചാണ് ഡിജിറ്റലായി പണം അടപ്പിക്കുന്നത്.
നഷ്ടമാകുന്ന പണം ദിവസങ്ങൾ കഴിഞ്ഞിട്ടും മടക്കി ലഭിക്കാതെ വരുന്നതോടെ യാത്രക്കാർ കൗണ്ടറുകളിലെത്തി ജീവനക്കാരോട് തട്ടിക്കയറുന്നതും നിത്യസംഭവമാണ്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് വരുമാനത്തിന്റെ മൂന്നിലൊന്ന് ഡിജിറ്റലായി മാറിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പരാജയപ്പെടുന്നത് ടിക്കറ്റ് കൗണ്ടറിലെ ക്യൂവിന്റെ നീളവും വർദ്ധിപ്പിക്കും.
ടിക്കറ്റ് കൗണ്ടറിലേതിനെക്കാൾ വലിയ തുകയുടെ ഇടപാടുകളാണ് റിസർവേഷൻ കൗണ്ടറിൽ നടക്കുന്നത്. ആദ്യ ഇടപാട് പൂർത്തീകരിക്കാനാകാതെ പണം നഷ്ടമാകുന്നതോടെ പലരും ടിക്കറ്റ് റിസർവ് ചെയ്യാനാകാതെ മടങ്ങുന്നുമുണ്ട്.
വില്ലൻ സാങ്കേതിക തകരാർ
തിരക്കുള്ള സമയങ്ങളിൽ ഡിജിറ്റൽ ഇടപാട് പൂർത്തിയാക്കാനാകുന്നില്ല
മുടങ്ങിയ ടിക്കറ്റ് ക്യാഷ് തിരികെ ലഭിക്കുന്നില്ല
സെർവറിന് വേഗം കുറവെന്ന് പരാതി
പണം മടക്കി ലഭിക്കാത്തത് സംബന്ധിച്ച് പരാതിപ്പെടാനും കൃത്യമായ സംവിധാനമില്ല
കൊല്ലം റെയിൽവേ സ്റ്റേഷൻ
ടിക്കറ്റ് കൗണ്ടറുകൾ-2
ഒരു ദിവസം പോകുന്ന ടിക്കറ്റ് 2500-3000
വരുമാനം ₹2.6 ലക്ഷം
ഡിജിറ്റൽ ഇടപാട് ₹80000 (ശരാശരി)
റിസർവേഷൻ കൗണ്ടർ-2
വരുമാനം ₹3.01 ലക്ഷം
ഡിജിറ്റൽ ഇടപാട് ₹1.20 ലക്ഷം
കൗണ്ടറിലെ ജീവനക്കാർ നിർബന്ധിച്ചാണ് ഡിജിറ്റലായി പണം അടപ്പിക്കുന്നത്. പണം നഷ്ടമാകുമ്പോൾ അവരുടെ വിധം മാറും. ദിവസങ്ങൾ കഴിഞ്ഞും മടക്കിക്കിട്ടിയില്ലെന്ന പരാതിയുമായി ചെല്ലുമ്പോൾ ജീവനക്കാർ കൈയൊഴിയുകയാണ്.
അജിരാജ്, മേവറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |