ജില്ലയിൽ 6.56 ലക്ഷം പ്ളോട്ടുകളിൽ പരിശോധന
കൊല്ലം: കാർഷിക വിളകളുടെയും കർഷകരുടെയും കൃഷിയിടത്തിന്റെയും ഉൾപ്പെടെ സമഗ്ര വിവരശേഖരണത്തിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കഴിഞ്ഞ മാസം ജില്ലയിൽ ആരംഭിച്ച ഡിജിറ്റൽ ക്രോപ്പ് സർവേ പുരോഗമിക്കുന്നു. ജില്ലയിലെ 27 വില്ലേജുകളിലായി 6.56 ലക്ഷം പ്ലോട്ടുകളിലാണ് സർവ്വേ നടക്കുന്നത്.
നിലവിൽ 647 സർവേയർമാരാണ് വിവരശേഖരണം നടത്തുന്നത്. റവന്യൂ രേഖകൾ പ്രകാരം ഓരോ സർവ്വേ നമ്പറിലുമുള്ള ഭൂമി ഏത് തരത്തിലുള്ളതാണ്, ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നു, വിളയുടെ നിലവിലെ അവസ്ഥ, ജലസേചന സൗകര്യം തുടങ്ങി സമഗ്രമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. കൃഷിയിറക്കിയ തീയതി, ജലസേചന രീതി എന്നിവയും മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിക്കും. ജിയോഫെൻസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവ്വേ നടപ്പാക്കുന്നത്. അതിനാൽ അതതു സർവ്വേ പ്ലോട്ടുകളിൽ (സർവ്വേ പ്ലോട്ടിന്റെ 20 മീറ്റർ പരിധിക്കുള്ളിൽ) നിന്നുകൊണ്ട് മാത്രമേ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതോടൊപ്പം കാർഷിക വിളകളുടെ ജിയോ ടാഗ് ചെയ്ത ഫോട്ടോഗ്രാഫ് അവയുടെ കൃത്യമായ സ്ഥാന നിർണയം നടത്തുന്നതിനും സ്ഥലപരിശോധനകൾ പോലുള്ള ഭാവി ആവശ്യങ്ങൾക്കായും ശേഖരിക്കുന്നു. ഇത് കൃഷിഭവനുകൾ പരിശോധിച്ച് അംഗീകരിക്കും. ഖാരിഫ് സീസണിന്റെ സർവ്വേയാണ് നിലവിൽ നടത്തുന്നത്. ഈ മാസം 31 ഓടെ സർവ്വേ പൂർത്തിയാക്കും.
ലക്ഷ്യങ്ങൾ പലത്
പദ്ധതി നടപ്പാക്കുന്നത് സെൻട്രൽ സെക്ടർ സ്കീമിന്റെ ഭാഗമായി
കാർഷിക വിളകളെ പറ്റി സമഗ്ര ഡാറ്റാബേസ് നിർമ്മിക്കുക ലക്ഷ്യം
പ്രധാനമന്ത്രി ഫസൽ ബീമാ യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, കാർഷിക ലോണുകൾ തുടങ്ങിയവ ഭാവിയിൽ ഈ ഡേറ്റാബേസുമായി സംയോജിപ്പിക്കും
ഇതുവഴി കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ വേഗം ലഭ്യമാകും
.കൂടാതെ കാർഷിക ഉത്പന്നങ്ങളുടെ സംഭരണം, മൂല്യവർദ്ധനവ്, വിപണനം, കയറ്റുമതി എന്നിവയും കൃത്യമായി നടത്താനാവും
സർവേയർമാർ കുറവ്
തൃക്കോവിൽവട്ടം, ഇടമുളയ്ക്കൽ, ഇളമ്പള്ളൂർ, പന്മന, തൊടിയൂർ, ചണ്ണപ്പെട്ട, എഴുകോൺ, നെടുവത്തൂർ, കൊറ്റങ്കര എന്നിവിടങ്ങളിൽ താരതമ്യേന സർവ്വേയർമാരുടെ എണ്ണത്തിൽ കുറവുണ്ട്. ഇത് സമയബന്ധിതമായി സർവ്വേ പൂർത്തിയാക്കുന്നതിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇവിടങ്ങളിൽ സർവ്വേയർമാരെ നിയോഗിക്കുന്നുണ്ട്. പ്ലസ്ടു വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം. സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനുള്ള അറിവും പ്രദേശത്തെകുറിച്ചും വിളകളെകുറിച്ചുമുള്ള സാമാന്യ ധാരണയാണ് യോഗ്യതസർവ്വേ നടക്കുന്ന വില്ലേജുകൾ
ഇട്ടിവ,ആദിനാട്, അഞ്ചൽ, കരുനാഗപ്പള്ളി, പനയം, പള്ളിമൺ, ചിറക്കര, തൃക്കടവൂർ, പൂയപ്പള്ളി, തേവലക്കര, മൈനാഗപ്പള്ളി, കുലശേഖരപുരം, പന്മന ,മീനാട് ,തൃക്കരുവ, അറയ്ക്കൽ, കല്ലേലിഭാഗം, ചണ്ണപ്പെട്ട, വടക്കുംതല, നെടുവത്തൂർ, മങ്ങാട്, എഴുകോൺ, തൊടിയൂർ,കൊറ്റങ്കര, ഇരവിപുരം, ഇടമുളയ്ക്കൽ, തൃക്കോവിൽവട്ടം
..............................
സർവ്വേ പൂർത്തിയായത്: 13.72%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |