കൊല്ലം: മോർത്തിൽ (മിനിസ്ട്രി ഒഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ്) നിന്ന് പലപ്പോഴായി ചൂണ്ടിക്കാട്ടിയ ഭേദഗതികളോടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) പലതവണ പരിഷ്കരിച്ചിട്ടും കൊല്ലം- തേനി ദേശീയപാതയിൽ കടവൂർ മുതൽ ആഞ്ഞിലിമൂട് വരെയുള്ള വികസനം ഏഴ് മാസമായി ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇതിനുള്ള ധനാനുമതി അനന്തമായി നീളുകയാണ്. ധനാനുമതി ലഭിച്ചാൽ മാത്രമേ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാകു.
സ്ഥമേറ്റെടുപ്പിനുള്ള നഷ്ടപരിഹാരം, പുനരധിവാസ പാക്കേജ്, നിർമ്മാണം എന്നിവ സഹിതം 1900 കോടിയുടെ ഡി.പി.ആറാണ് ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ആദ്യം അലൈൻമെന്റ് അടിസ്ഥാനമാക്കി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിക്കണം. തുടർന്ന് കൃത്യമായി അളവ് കണക്കാക്കി ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം നിശ്ചയിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്.
ഡി.പി.ആറിനുള്ള അംഗീകാരവും സ്ഥലമേറ്റെടുക്കൽ നടപടികളും വൈകുന്നത് അലൈൻമെന്റിൽ ഉൾപ്പെട്ട നൂറുകണക്കിന് ഭൂവുടമകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സ്ഥലമേറ്റെടുക്കലിനുള്ള ആദ്യഘട്ട ത്രി എ വിജ്ഞാപനം കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഭൂമി വിൽക്കാനോ പണയോ വയ്ക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഉടമകൾ. ഏറ്റെടുക്കൽ ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പെർമിറ്റും വൈകിപ്പിക്കുന്നുണ്ട്.
പ്രശ്നം ടോൾ പ്ളാസ!
ടോൾ പ്ലാസ സ്ഥാപിക്കാൻ അനുകൂലമായ സ്ഥലം ലഭ്യമാകാത്തതാണ് കൊല്ലം- തേനി ദേശീയപാതയുടെ ഡി.പി.ആറിന് അനുമതി വൈകുന്നതിന്റെ കാരണമെന്നും പ്രചാരണമുണ്ട്. കൊല്ലം തേനി ദേശീയപാതയുടെ ഓരത്ത് വ്യാപകമായി ഇടറോഡുകളുണ്ട്. അതിനാൽ തന്നെ എവിടെ ടോൾ പ്ലാസ സ്ഥാപിച്ചാലും വാഹനങ്ങൾക്ക് ഇടറോഡിലൂടെ മറികടക്കാനാകും. മോർത്തിലെ ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിൽ ടോൾ പ്ലാസ സ്ഥാപിക്കാൻ അനുകൂലമായ സ്ഥലം കണ്ടെത്താനായില്ലെന്നും സൂചനയുണ്ട്.
........................
വികസിപ്പിക്കുന്നത് 24 മീറ്ററിൽ
കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ 54 കിലോമീറ്റർ നാലുവരിപ്പാത
കടപുഴയിൽ പുതിയ പാലം
പെരിനാട് പുതിയ ആർ.ഒ.ബി
ഇരുവശങ്ങളിൽ 1.5 മീറ്റർ നടപ്പാത
ജംഗ്ഷനുകളിൽ ബസ് ബേ
നിലവിലെ അവസ്ഥ
വീതി 10 മുതൽ 12 മീറ്റർ വരെ
ഗതാഗതക്കുരുക്ക് രൂക്ഷം
കയറ്റിറങ്ങളും വളവുതിരിവുകളും
കടവൂർ - ആഞ്ഞിലിമൂട് ദൂരം 54 കിലോമീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |