
ചവറ: പ്രവാസ ലോകത്ത് 30 വർഷത്തോളം നീണ്ട അത്യദ്ധ്വാനത്തിനൊടുവിൽ നാട്ടിലെത്തിയ മുള്ളിക്കാല കായംകുളത്തയ്യത്ത് അബ്ദുൾ റഹിമിന്റെ (63) കടയിലെത്തിയാൽ 500 രൂപയിൽ തുടങ്ങി 40,000 രൂപ വരെയുള്ള പഴയ സൈക്കിളുകൾ വാങ്ങാം, വിൽക്കുകയും ചെയ്യാം.
ഒന്നര വർഷം മുമ്പാണ് തേവലക്കര ചേനങ്കരയിൽ റഹീം പഴയ സൈക്കിളുകൾ വിൽക്കുന്ന കട തുടങ്ങിയത്. നാളുകൾ പിന്നിട്ടതോടെ, റഹിം പോലും ചിന്തിക്കാത്ത വിധം കട ഹിറ്റായി!. പഴയ ഇംഗ്ളണ്ട് റാലിയുൾപ്പടെ പഴയ സൈക്കിളുകളുടെ വലിയൊരു മ്യൂസിയം പോലെയാണ് സൈക്കിൾ കട.
ക്ലച്ച്, ഗിയർ, ബൈക്കിന് സമാനമായി ഇരുവശത്തും ഹബ്ബ് ബ്രേക്കുകൾ, ഓട്ടോമാറ്റിക് പമ്പ്, കറങ്ങുന്ന ബെല്ല്... ഇന്നത്തെ തലമുറ അത്ഭുതപ്പെടുന്ന ഈ വിന്റേജ് സുന്ദരിമാർക്ക് 27,000 രൂപ വരെയുണ്ട് വില. റാലിയുടെ തന്നെ കൂടിയ മോഡലുകൾക്ക് 40,000 രൂപയോളമാവും. പാലയ്ക്കൽ സ്വദേശി രാജനാണ് റഹിമിന്റെ വലംകൈ.
തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും പഴയ സൈക്കിളുകൾ കടയിലെത്തിക്കുന്നത്. കിട്ടിയതുപോലെയങ്ങ് വിൽക്കുകയല്ല, അത്യാവശ്യം അറ്റകുറ്റപ്പണി നടത്തി റീ പെയിന്റുൾപ്പെടെ ചെയ്താണ് വില്പന. അന്യസംസ്ഥാന തൊഴിലാളികളും റഹിമിന്റെ ഉപഭോക്താക്കളാണ്.
രോഗങ്ങൾ തടയുന്ന വ്യായാമം
സൈക്കിൾ ചവിട്ടുന്നത് ശീലമാക്കിയ റഹിമിനെ, ഇന്നേവരെ ഷുഗറോ പ്രഷറോ തൊട്ടു തീണ്ടിയിട്ടില്ല. ജീവിതശൈലീ രോഗങ്ങളുടെ പ്രതിവിധികളിലൊന്നാണ് സൈക്കിളുകളെന്നും റഹിം പറയുന്നു. പഴയ സൈക്കിൾ കൊടുത്ത്, തന്റെ കടയിലിരിക്കുന്ന 'പുതിയ' പഴയ സൈക്കിളുകൾ വാങ്ങാൻ വരുന്നവരെ സന്തോഷത്തോടെയേ റഹിം മടക്കിഅയയ്ക്കൂ. വ്യായാമം മറന്നുപോയ ഒരു സമൂഹത്തെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുക കൂടിയാണ് ഇദ്ദേഹം.
500 രൂപയുടെ സൈക്കിൾ മുതൽ പുതുതലമുറയെ ആകർഷിക്കുന്ന ഹൈബ്രിഡ് മോഡലുകൾ വരെ ഇവിടെയുണ്ട്. തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളിലെത്തി തേടിപ്പിടിച്ചാണ് പഴയ സൈക്കിളുകൾ ശേഖരിക്കുന്നത്.
റഹീം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |