
ജില്ലയിൽ
മഴക്കുറവ്
30%
കൊല്ലം: തകർത്ത് പെയ്തെങ്കിലും ജില്ലയിൽ ആവശ്യത്തിന് മഴ നൽകാതെ തുലാവർഷം. ഈ സീസണിൽ ഇതുവരെ 30 ശതമാനം മഴയുടെ കുറവ് ഉണ്ടായതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നല്ലരീതിയിൽ മഴ പെയ്തിട്ട് ആഴ്ചകളായി. കിഴക്കൻ മേഖലകളിൽ ചാറ്റൽ മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും പകൽ സമയത്തെ ചൂടിന് കുറവില്ല.
20 മുതൽ 59 ശതമാനം വരെ മഴ കുറയുമ്പോഴാണ് മഴക്കുറവായി കണക്കാക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തുലാവർഷം കണക്കാക്കുന്ന ഒക്ടോബർ ഒന്ന് മുതൽ ഇന്നലെ വരെ 604.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 424.1 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. എന്നാൽ മാർച്ച് മുതൽ മേയ് വരെയുള്ള പ്രീ മൺസൂൺ കാലത്ത് 62 ശതമാനം അധികമഴ ജില്ലയിൽ ലഭിച്ചു. 434 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 702 മില്ലി മീറ്റർ മഴ ലഭിച്ചു.
അതേസമയം തുലാവർഷം തീർത്തും ദുർബലമായി. ഇനി കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. ജില്ലയിൽ മാത്രമല്ല സംസ്ഥാനത്തുടനീളം നിലവിൽ സമാന സ്ഥിതിയാണ്. പ്രാദേശികമായി ചെറിയ തോതിൽ മഴ ലഭിക്കുമെങ്കിലും നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. ഡിസംബറിൽ പകൽ സമയത്തെ പതിവ് ചൂട് കൂടുതലായിരിക്കും. രാത്രിയിലും വെളുപ്പിനും തണുപ്പും കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി.
നിലവിൽ വരണ്ട കാലാവസ്ഥയാണ്. അടുത്ത ഒരാഴ്ച മഴ പെയ്യാൻ തീരെ സാദ്ധ്യതയില്ല. ഡിസംബർ പകുതി കഴിയുന്നതോടെ പ്രാദേശികമായി ചെറിയ മഴ ലഭിക്കും.
കാലാവസ്ഥാ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |