ഈ വർഷം ജനുവരി മുതൽ കഴിഞ്ഞ ദിവസം 1,037 തീപിടിത്തങ്ങൾ
കൊല്ലം: ജില്ലയിൽ ഈ വർഷം ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെയുണ്ടായത് ചെറുതും വലുതുമായ 1,037 തീപിടിത്തങ്ങൾ. നഗരപരിധിയിൽ മാത്രം രണ്ടുമാസത്തിനിടെ വലിയ നാലു തീപിടിത്തമുണ്ടായി.
കഴിഞ്ഞ 7 ന് അഷ്ടമുടിക്കായലിൽ കുരീപ്പുഴ പള്ളിക്ക് സമീപം ചിറ്റപ്പനഴികത്ത് കായൽവാരത്ത് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 11 മത്സ്യബന്ധനബോട്ടുകളും ഫൈബർവള്ളവും കത്തി നശിച്ചു. നവംബർ 20 ന് കൊല്ലം കളക്ടറേറ്റിന് സമീപം ആൽത്തറമൂട് കൈക്കുളങ്ങര വടക്കേത്തൊടിയിൽ വീടുകളും 21ന് കാവനാട് മുക്കാട് മഠത്തിൽ കായൽവാരത്ത് പലിശക്കടവ് ഭാഗത്ത് കായൽ തീരത്ത് കെട്ടിയിട്ടിരുന്ന രണ്ട് ബോട്ടുകളും കത്തിയമർന്നു.
കഴിഞ്ഞ ഫെബ്രുവരി ആദ്യം പൊതുമേഖല സ്ഥാപനമായ ഓയിൽ പാമിന്റെ കുളത്തൂപ്പുഴ വനമേഖലയോട് ചേർന്നുള്ള എണ്ണപ്പന പ്ലാന്റേഷനിലുണ്ടായ തീപിടിത്തമാണ് ഈ വർഷം ജില്ലയിലുണ്ടായ തീപിടിത്തങ്ങളിൽ വലുത്. പ്ലാസ്റ്റിക്കുകളിലെ അഗ്നിബാധ, ഗൃഹോപകരണങ്ങളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ഷോർട്ട് സർക്യൂട്ട്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വയറിംഗ് എന്നിവയാണ് അഗ്നിബാധയുടെ കാരണങ്ങളായി ഫയർഫോഴ്സ് പറയുന്നത്.
ഫയർ ഹൈഡ്രന്റ് ഇല്ല
ഫയർ എൻജിനുകളിൽ വളരെവേഗം വെള്ളം നിറയ്ക്കാനുള്ള സംവിധാനമായ ഫയർ ഹൈഡ്രന്റ് ജില്ലയിൽ സ്ഥാപിക്കാനുള്ള നടപടികൾ നീളുകയാണ്. ഫയർ ഹൈഡ്രന്റ് യാഥാർത്ഥ്യമായാൽ വലിയ തീപിടിത്തം ഉണ്ടായാലും ജലക്ഷാമം ഉണ്ടാകില്ല. സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം നടത്താനാകും. ഫയർഫോഴ്സ് വാഹനം കടന്നു ചെല്ലാനുള്ള വഴിയില്ലാത്തതും പലപ്പോഴും രക്ഷാപ്രവർത്തനത്തെ ബാധിക്കാറുണ്ട്.
കരുതൽ വേണം
തീപിടിത്തമുണ്ടായാൽ ഉടൻ ഫയർഫോഴ്‌സിനെ അറിയിക്കുക
ഫയർ ബെൽറ്റ് രൂപീകരിച്ച് തരിശിടങ്ങളിൽ തീയിടുക
കരിയില കത്തിക്കുമ്പോൾ വെള്ളം കരുതുക
മാലിന്യം കത്തിച്ച ശേഷം തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തുക
ടൂറിസ്റ്റ് സ്ഥലങ്ങളിൽ സിഗരറ്റ്, തീപ്പെട്ടി എന്നിവ കത്തിച്ച് വലിച്ചെറിയരുത്
ഓഫീസുകളിൽ ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷ പരിശീലനം നൽകുക
പുറത്ത് പോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കുക
ഫയർ സ്റ്രേഷൻ- ഈ വർഷത്തെ തീപിടിത്തത്തിന്റെ എണ്ണം (2025)
കൊല്ലം (കടപ്പാക്കട) - 183 ചാമക്കട- 143 പരവൂർ- 77 പുനലൂർ- 82 പത്തനാപുരം- 56 കുണ്ടറ- 118
കരുനാഗപ്പള്ളി- 58 കൊട്ടാരക്കര- 113 ചവറ- 41 കടയ്ക്കൽ- 101 ശാസ്താംകോട്ട- 65
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |