കൊല്ലം: ചാമ്പ്യൻസ് ബോട്ട് ലീഗിൽ വള്ളങ്ങളുടെ കുതിപ്പിൽ തുഴച്ചിൽക്കാരുടെ കരുത്തിനും തഴക്കത്തിനുമൊപ്പം തന്ത്രങ്ങളും വിജയ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പരമ്പരാഗത തുഴച്ചിൽ രീതിക്കൊപ്പം ശാസ്ത്രീയമായ ജെ.സ്ട്രോക്ക്, പവർ സ്ട്രോക്കുകളാണ് വിജയിത്തിലേക്കുള്ള അവസാന ലാപ്പ്.
കഴിഞ്ഞ തവണ പ്രസിഡന്റ്സ് ട്രോഫി കിരീടം നേടിയ വീയപുരം ചുണ്ടൻ ഇത്തവണ ജെ.സ്ട്രോക്ക് തുഴച്ചിൽ രീതിയാണ് ഉപയോഗിക്കുന്നത്. നേരത്തെ കൈക്കരുത്താണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ശാസ്ത്രീയ പരിശീലനമാണ് എല്ലാവരും പിന്തുടരുന്നത്. വള്ളത്തിന്റെ ഘടനയെ മുൻനിറുത്തിയാണ് തുഴച്ചിൽ തിരഞ്ഞെടുക്കുന്നത്. ഭാരം കുറഞ്ഞ വള്ളങ്ങളാണ് പൊതുവെ ജെ.സ്ട്രോക്ക് തുഴച്ചിൽ രീതി പിന്തുടരുന്നത്. നിലവിൽ കാരിച്ചാൽ ചുണ്ടൻ മാത്രമാണ് വി ഷേപ്പ് ഉള്ളത്. മറ്റ് വള്ളങ്ങൾ യു ഷേപ്പിലാണ് നിർമ്മിച്ചിരിക്കുന്നത്.
മെയ്യും മനസും മെരുക്കിയെടുക്കുന്ന ആദ്യ പരിശീലനം തുടങ്ങുന്നത് കരയിലാണ്. പരിശീലന ചെലവ് കൂടുതലായതിനാൽ സി.ബി.എൽ നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ടീമുകൾ പരിശീലനത്തിന് ഇറങ്ങുന്നത്. സാധാരണ മത്സരങ്ങൾ നടക്കുന്നതിന് 45 ദിവസം മുമ്പ് തന്നെ പരിശീലനം ആരംഭിക്കും.
വെള്ളത്തെ കീറിമുറിച്ച് പോകാൻ മികച്ച ശേഷിയുള്ള വള്ളവും തുഴക്കാരുമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. പട്ടവള്ളം (വശങ്ങളിലൂടെ മുന്നേറി വരുന്ന ചുണ്ടൻ വള്ളം) കാണുമ്പോൾ പതറിപ്പോകാത്ത ധൈര്യമുള്ളവരെയാണ് മുൻനിരയിലിരുത്തുന്നത്. ലീഡിംഗ് ക്യാപ്ടന്റെ ട്രമ്പറ്റിന്റെ താളത്തിനനുസരിച്ച് ഇടിക്കാരൻ ഇടിയുടെ താളവും വേഗവും വ്യത്യാസപ്പെടുത്തും. ഇതിനനുസരിച്ച് തുഴച്ചിൽക്കാരും വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ട്രമ്പറ്റിൽ നിന്നുയരുന്ന ഓരോ ശബ്ദവും തുഴക്കാർക്കുള്ള മുന്നറിയിപ്പും മാർഗനിർദ്ദേശങ്ങളുമാണ്. അതനുസരിച്ച് ചുണ്ടൻ വള്ളങ്ങൾ ഓളപ്പരപ്പിലൂടെ കുതിരയെപ്പോലെ കുതിക്കും.
ജെ.സ്ട്രോക്ക്
തുഴച്ചിൽക്കാർ മുന്നോട്ടാഞ്ഞ് ശക്തിയോടെ പുറകോട്ട് തള്ളിവിടുന്ന രീതിയാണ് ജെ.സ്ട്രോക്ക്. വഞ്ചി തനിയെ ദിശ മാറിപ്പോകുന്നത് തടയാൻ ഇത് സഹായിക്കും. ഇംഗ്ലീഷ് അക്ഷരമായ ജെയുടെ ആകൃതിയിൽ തുഴ പുറത്തേക്ക് തിരിച്ച് തുഴയുന്നതിനനുസരിച്ച് വഞ്ചിയുടെ മുൻഭാഗത്തെ കൃത്യമായ ദിശയിലേക്ക് തിരികെയെത്തിക്കുന്നു. വഞ്ചിയുടെ വേഗത കുറയ്ക്കാതെ തന്നെ ദിശ കൃത്യമാക്കാൻ സഹായിക്കുന്നു.
പവർ സ്ട്രോക്ക്
തുഴച്ചിൽക്കാർ മുന്നോട്ട് ആഞ്ഞ് തുഴ വളരെ ആഴത്തിൽ താഴ്ത്തി തുഴയുന്ന രീതിയാണിത്. ജെ.സ്ട്രോക്കിനെ അപേക്ഷിച്ച് തുടക്കത്തിലുള്ള വേഗത ഇതിൽ കുറവായിരിക്കും.
കൊല്ലത്തെ ട്രാക്ക്
അഷ്ടമുടി കായലിന് മറ്റ് കായലുകളെ അപേക്ഷിച്ച് ഒഴുക്കും ആഴവും കുറവായതിനാൽ മത്സര ഫലത്തെ ഇത് ബാധിക്കാറുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഉയർച്ച വ്യത്യാസമുള്ളതിനാൽ അഷ്ടമുടി കായലിന്റെ ഘടന ഒതുങ്ങിയ വള്ളങ്ങൾക്ക് അനുകൂലമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |