കൊല്ലം: അഷ്ടമുടി കായലിന്റെ ജലപ്പരപ്പിൽ വീറും വാശിയും നിറച്ച് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഫൈനലും നാളെ നടക്കും. ഒൻപത് ചുണ്ടൻ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. സി.ബി.എല്ലിൽ മൂന്ന് ട്രാക്കുകളിലായി നിരണം, വീയപുരം, മേൽപ്പാടം, നടുഭാഗം, നടുവിലേപ്പറമ്പൻ, കാരിച്ചാൽ, ചെറുതന, പായിപ്പാടൻ, ചമ്പക്കുളം ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്.
നിലവിലെ പോയിന്റ് പട്ടികയിൽ വീയപുരം ചുണ്ടനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് മേൽപ്പാടവും മൂന്നാം സ്ഥാനത്ത് നിരണവുമാണ്. ചെറുവള്ളങ്ങളുടെ മത്സരത്തിൽ രണ്ട് ഇരുട്ടുകുത്തി എ ഗ്രേഡ്, മൂന്ന് ഇരുട്ടുകുത്തി ബി ഗ്രേഡ്, മൂന്ന് തെക്കനോടി വനിതാ വിഭാഗം വള്ളങ്ങൾ പങ്കെടുക്കും. ജലോത്സവം ഉച്ചയ്ക്ക് 2ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. മന്ത്രി കെ.ബി.ഗണേഷ് കുമാർ മുഖ്യാതിഥിയാകും.
മേയർ എ.കെ.ഹഫീസ് പതാക ഉയർത്തും. മാസ്ഡ്രിൽ ഫ്‌ളാഗ് ഒഫ് എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, പി.എസ്.സുപാൽ, സുജിത്ത് വിജയൻപിള്ള, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, കളക്ടർ എൻ.ദേവിദാസ്, എ.ഡി.എം ജി.നിർമ്മൽകുമാർ, ഡെപ്യുട്ടി മേയർ കരുമാലിൽ ഡോ. ഉദയാ സുകുമാരൻ തുടങ്ങിയവർ പങ്കെടുക്കും. സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. സ്‌പോർട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളംകളിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് കൊല്ലം ബീച്ചിൽ കബഡി മത്സരം സംഘടിപ്പിക്കും. സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജെറ്റ് സ്‌കി വിത്ത് ഫ്‌ളൈ ബോർഡ് പ്രദർശനവും ഉണ്ടാകും.
വിജയികൾക്ക് പണക്കിലുക്കം
സി.ബി.എല്ലിലെ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തിൽ 75,000 രൂപയും പ്രൈസ് മണി ഇനത്തിൽ 25,000 രൂപയുമാണ് സമ്മാനം. ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസിനത്തിൽ 50000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിതാ വിഭാഗത്തിന് 60,000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |