കൊല്ലം: ഒറ്റദിവസം കൊണ്ട് കൊല്ലം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റ്മാസ്റ്റർമാർ ഇല്ലാതായി. പിരിഞ്ഞുപോയെന്നോ, പിരിച്ചുവിട്ടെന്നോ ചിന്തിക്കാൻ വരട്ടെ, കൊല്ലം ഡിവിഷണൽ സൂപ്രണ്ടിന്റെ ഓഫീസിന് പറ്റിയ പിഴവാണ് കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ ഹെഡ് പോസ്റ്റ് ഓഫീസുകളിലും 91 സബ് പോസ്റ്റ് ഓഫീസുകളിലും ഉണ്ടായിരുന്ന പോസ്റ്റ്മാസ്റ്റർമാരെ ഇല്ലാതാക്കിയത്.
പുതിയ ഐഡന്റിറ്റി കാർഡ് അച്ചടിച്ചപ്പോൾ പോസ്റ്റ്മാസ്റ്റർമാരുടെ തസ്തിക പോസ്റ്റൽ അസിസ്റ്റന്റ് എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. എല്ലാ ജീവനക്കാരനും തങ്ങളുടെ തസ്തിക കൃത്യമായി എഴുതിയാണ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഡിവിഷണൽ ഓഫീസിലുണ്ടായ ശ്രദ്ധക്കുറവാണ് വലിയ പിശക് സൃഷ്ടിച്ചത്. എന്താണ് സംഭവിച്ചതെന്ന് ജീവനക്കാർ ഡിവിഷണൽ ഓഫീസിൽ അന്വേഷിച്ചെങ്കിലും കൃത്യമായ വിശദീകരണം ലഭിച്ചില്ല.
അച്ചടിക്കാൻ പണം ചെലവായതുകൊണ്ട് കാർഡുകൾ തിരുത്തി നൽകില്ലെന്നും കിട്ടിയത് തിരിച്ച് അയക്കേണ്ടതില്ലെന്നും പറഞ്ഞ് ഉയർന്ന ഉദ്യോഗസ്ഥർ തടിയൂരുകയാണെന്ന് ജീവനക്കാർ പറയുന്നു. മൂന്ന് വർഷം കാലാവധിയുള്ള കാർഡാണ് ഇപ്പോൾ നൽകിയത്. ജോലിയിലുള്ളപ്പോൾ തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന് കർശന നിർദ്ദേശമുള്ളതാണ്. എന്നാൽ തസ്തിക തെറ്റായി രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് ധരിച്ചതുകൊണ്ട് എന്ത് പ്രയോജനമെന്നും പോസ്റ്റ്മാസ്റ്റർമാർ ചോദിക്കുന്നു.
പുതുതായി കാർഡ് അച്ചടിക്കണമെങ്കിൽ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് പണം ചെലവാക്കേണ്ടി വരും. എങ്ങുനിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ കാര്യങ്ങൾ മനസിലാക്കാൻ ഒരുങ്ങുകയാണ് ജീവനക്കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |