കൊല്ലം: അഷ്ടമുടി കായലിന്റെ ഓളപ്പരപ്പിനെ കീറിമുറിച്ച് വീയപുരത്തിന്റെ ആധിപത്യം. പ്രസിഡന്റ്സ് ട്രോഫിയിൽ മുത്തമിടാനായില്ലെങ്കിലും ആവേശകരമായ മത്സരത്തിൽ വീരു വില്ലേജ് ബോട്ട് ക്ളബ് കൂട്ടുകെട്ട് 11 മത്സരങ്ങളിലൂടെ 108 പോയിന്റ് നേടി സി.ബി.എൽ കിരീടം സ്വന്തമാക്കി.
കഴിഞ്ഞ തവണയും ഇതേ കൂട്ടുകെട്ടാണ് മത്സരരംഗത്തുണ്ടായിരുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ 92 പോയിന്റോടെ സി.ബി.എല്ലിൽ രണ്ടാം സ്ഥാനത്തും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ 86 പോയന്റുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.
സി.ബി.എൽ കിരീടം ഉറപ്പിച്ചെത്തിയ വീരുവിന് പ്രസിഡന്റ്സ് ട്രോഫി നിലനിറുത്തുകയെന്ന ലക്ഷ്യം അവസാന ലാപ്പിലെ തുഴപ്പെരുക്കത്തിൽ കൈവിട്ടുപോയി. നിരണം ചുണ്ടൻ പ്രസിഡന്റ്സ് ട്രോഫിയിൽ മുത്തമിട്ടു. വീരുവിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി. എങ്കിലും സി.ബി.എൽ കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വീരു കൊല്ലത്ത് നിന്ന് മടങ്ങിയത്.
വീരും വില്ലേജും വിജയ കോമ്പോ
കഴിഞ്ഞ തവണ വീരു - വിലേജ് കോമ്പോയ്ക്ക് തലനാരിഴയ്ക്കാണ് വിജയം കൈവിട്ടുപോയത്. ആ നഷ്ടക്കണക്കിന് മധുരപ്രതികാരം വീട്ടണമെന്ന ഒറ്റക്കെട്ടായ ചിന്തയും പരിശ്രമവുമാണ് വിജയത്തിലേക്ക് നയിച്ചത്. സീസണിലെ 11 മത്സരങ്ങളിൽ ഒൻപത് മത്സരങ്ങളിലും വിജയിച്ചാണ് വീരു കുതിച്ചത്. ലീഡിംഗ് ക്യാപ്ടൻ ബൈജു കുട്ടനാട്, ഒന്നാം അമരം രാജീവ് രാജു കുമരകം, ഒന്നാം തുഴക്കാരൻ അരുൺ വെള്ളംകുളങ്ങര, കോച്ച് ബേബി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വിജയ ഫോർമുല രചിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |