ബോൺസായ് വിസ്മയത്തിന് 25 വർഷത്തെ പരിചരണം
കൊല്ലം: ചെടിച്ചട്ടിയിൽ ഒതുങ്ങി കായ്ച്ചു നിൽക്കുന്ന പുളിമരം കാണണമെന്നുണ്ടെങ്കിൽ പത്തനാപുരം ആവണീശ്വരം 'കൃഷ്ണഭവനിൽ' കെ.ബാലചന്ദ്രന്റെ വീട്ടു മുറ്റത്തേക്ക് എത്തിയാൽ മതി. 25 വർഷത്തെ നിരന്തര പരിചരണത്തിലൂടെ ബാലചന്ദ്രൻ വളർത്തിയെടുത്ത വാളൻപുളി മരമാണ് ഇപ്പോൾ കായ്ച്ചത്.
വെറും രണ്ടടി മാത്രം പൊക്കം. 15 കായ്കളാണ് വിളഞ്ഞുനിൽക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപ് ഒരു ചെടിച്ചട്ടിയിൽ നട്ട പുളിയുടെ തൈ ബോൺസായ് കലയുടെ അനന്ത സാദ്ധ്യതകൾ ഉപയോഗിച്ചാണ് ബാലചന്ദ്രൻ മെരുക്കിയെടുത്തത്. മരത്തിന്റെ സ്വാഭാവിക വളർച്ച തടയാനായി തായ്‌വേര് അറുത്ത് മാറ്റുകയും പക്കവേരുകളെ മാത്രം പരിപാലിക്കുകയും ചെയ്തു. മരത്തിന്റെ രൂപഭംഗി നിലനിറുത്താൻ ശിഖരങ്ങൾ വെട്ടിമാറ്റാതെ വളർത്തിയെടുത്തു. തീരെ വണ്ണം കുറഞ്ഞ തടിയാണെങ്കിലും ഒരു വന്മരത്തിന്റെ എല്ലാ തനിമയും ഈ ചെറുരൂപത്തിലുണ്ട്. കൃത്യമായ ജൈവവള പ്രയോഗത്തിലൂടെയാണ് മരം കായ്ചു തുടങ്ങിയത്.
വേറെയും ബോൺസായ്
മുൻപ് ബാലചന്ദ്രൻ ബോൺസായി രൂപത്തിൽ വളർത്തിയെടുത്ത കണിക്കൊന്ന പൂത്തുലഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഴ് തരം ആൽമരങ്ങൾ, ജാംബ, നാട്ടുമാവ് തുടങ്ങിയവയെല്ലാം ഈ വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിലുണ്ട്. കൊട്ടാരക്കരയിൽ ഫയർ ആൻഡ് സേഫ്ടി അദ്ധ്യാപകനായിരുന്ന ബാലചന്ദ്രൻ ഇപ്പോൾ ലാൻഡ് സ്കേപ്പിംഗ് (പുഴയോരം ഗാർഡൻസ്) മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഭാര്യ റിട്ട.അദ്ധ്യാപിക ഗീതാകുമാരിയും മക്കളായ കൃഷ്ണേന്ദുവും പൗർണമിയും ഈ ഹരിത വിപ്ളവത്തിന് കരുത്ത് പകരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |