SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

എം.സി റോഡിൽ ട്രാൻ. ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ടാങ്കർ ഡ്രൈവർ മരി​ച്ചു

Increase Font Size Decrease Font Size Print Page
photo
എം.സി റോഡിൽ വാളകം വയയ്ക്കലിൽ ട്രാൻ.ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്ന നാട്ടുകാർ

കൊല്ലം: എം.സി റോഡിൽ വാളകം വയയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ടാങ്കർ ലോറി ഡ്രൈവർ മരിച്ചു, ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കം നിരവധി പേർക്ക് പരിക്ക്. ടാങ്കർ ലോറി ഡ്രൈവർ തൃശൂർ കുട്ടിച്ചിറ സ്വദേശി ഡോൺ ബോസ്കോയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.50ന് വയയ്ക്കൽ ജംഗ്ഷനിലാണ് സംഭവം.

തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ നി​റുത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ മറികടക്കവേ എതിർദിശയിൽ നിന്നു വന്ന ടാങ്കർ ലോറിയിലേക്കും ഓർഡി​നറി​യി​ലേക്കും ഇടിച്ചുകയറുകയായിരുന്നു. മൂന്ന് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ടാങ്കർ ലോറി ഡ്രൈവർ ഡോൺ ബോസ്കോ തകർന്ന കാബിനുള്ളിൽ കുടുങ്ങി. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനം വിഫലമായി. കൊട്ടാരക്കരയി​ൽ നി​ന്ന് ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസുകളുടെ മുൻഭാഗം ഇളക്കിയാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവർ അജിക്ക് (46) സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ടക്ടർ ശിവകുമാറിന് (54) തലയ്ക്കും കാലിനും മുഖത്തും പരിക്കേറ്റു. ഇദ്ദേഹത്തിന്റെ മൂന്ന് പല്ലുകൾ ഇളകി. ഓ‌ർഡിനറി ബസിന്റെ കണ്ടക്ടർ ഉഷാ മോഹനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഡ്രൈവർ സുരേഷിനെ വാളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്സും പൊലീസുമടക്കം വലിയ പരിശ്രമം നടത്തിയാണ് യാത്രക്കാരടക്കം പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

കടയ്ക്കൽ സ്വദേശി ഗിരിജ, ആലപ്പുഴ സ്വദേശി ജയൻ (36), ലത (60), ശാന്തമ്മ എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കൊട്ടാരക്കര, വാളകം, അഞ്ചൽ തുടങ്ങി വിവിധ ഇടങ്ങളിലെ ആശുപത്രികളിലേക്കാണ് പരിക്കേറ്റ മറ്റുള്ളവരെ പ്രവേശിപ്പിച്ചത്. എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് അമിത വേഗത്തിലെത്തി വലിയ അപകടമുണ്ടാക്കിയത്. ഡീസൽ നിറച്ച ടാങ്കർ ലോറി ആയിരുന്നെങ്കിലും വലിയ ദുരന്തത്തിൽ കലാശിച്ചില്ല.

അപകടമുണ്ടാക്കി​യത് ഓവർടേക്കിംഗ്

ഫാസ്റ്റ് പാസഞ്ചർ ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു ബസ്. നിശ്ചയിച്ച സമയത്തിനും നേരത്തെയാണ് ആയൂരിൽ നിന്നു ബസ് പുറപ്പെട്ടത്. എന്നിട്ടും വയയ്ക്കൽ ഭാഗത്തെത്തിയപ്പോൾ അമിത വേഗമുണ്ടായിരുന്നു. നിറുത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ മറികടക്കാനൊരുങ്ങവെ എതിർ ദിശയിൽ നിന്ന് ടാങ്കർ ലോറി വന്നു, ഇതിൽ ഇടിക്കാതിരിക്കാൻ വെട്ടിപ്പിടിച്ചതോടെയാണ് ഓർഡിനറി ബസിലും ടാങ്കർ ലോറിയിലും ഒന്നിച്ച് ഇടിച്ചുകയറിയത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY