കൊട്ടാരക്കര: എം.സി റോഡിൽ വാളകത്ത് നിയന്ത്രണംവിട്ട കാർ റോഡരികിൽ ബസ് കാത്തുനിന്ന 4 വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ വാളകം എം.എൽ.എ ജംഗ്ഷനിലാണ് സംഭവം.
തലവൂർ സ്വദേശി അക്ഷയ് (23), വാളകം ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ അഭിരാമി, അഭിനന്ദ്, മുഹമ്മദ് ബിലാൽ എന്നിവരെയാണ് കാർ ഇടിച്ചത്. ഇവരിലൊരാൾ കാറിന്റെ അടിയിലകപ്പെട്ടു. ശ്രമകരമായിട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ നാലുപേരെയും വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിരാമിയുടെ പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ഡിവൈഡർ ഇടിച്ചു തെറിപ്പിച്ചുകൊണ്ടാണ് കാർ മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറിയത്. ഇതിന് മുന്നിൽ നിന്നവർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. വയയ്ക്കലിൽ ട്രാൻ.ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചതിന്റെ നടുക്കം മാറും മുമ്പെയാണ് അധികം ദൂരത്തല്ലാതെ എം.സി റോഡിൽ വീണ്ടും അപകടമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |