കൊല്ലം: ജില്ലാ പി.എസ്.സി ഓഫീിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, സംസ്ഥാന ജനറൽ സെക്രട്ടറി ചൈത്ര ഡി.തമ്പാൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പി.എസ്.സി നിയമനങ്ങളിൽ സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാട് മാറ്റുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കൊല്ലം റസ്റ്റ് ഹൗസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പി.സി.സി ഓഫീസിനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചു പൊലീസ് തടഞ്ഞു. തുടർന്ന് സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി, ഇതിനിടയിലാണ് പൊലീസ് ലാത്തിവീശിയത്. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സമരത്തിന് സംസ്ഥാന ഭാരവാഹികളായ പവിജ പത്മൻ, അജു ജോർജ്, തൗഫീഖ് തടിക്കാട്, ഹാഷിം സുലൈമാൻ, അസൈൻ പള്ളിമുക്ക്, അൻവർ കരുവ, അനസ് ഇരവിപുരം, അനന്തകൃഷ്ണൻ, റിനോഷ, കൃഷ്ണപ്രസാദ്, ഷമീർ മയ്യനാട്, ഷിബു മുണ്ടക്കൽ, കിരൺ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |