ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിനെ സ്ഥലംമാറ്റി
കൊല്ലം: ജില്ലാ ആശുപത്രിയിൽ കാർഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്തിക അനുവദിച്ചതിനു പിന്നാലെ, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത് തിരിച്ചടിയായി. വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയോഗിക്കപ്പെട്ടയാളെയാണ് മാറ്റിയത്. കാർഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്തിക വർഷങ്ങളായുള്ള ആവശ്യമായിരുന്നെങ്കിലും പകരം നടത്തിയ സ്ഥലംമാറ്റം തലവേദനയായി മാറിയിരിക്കുകയാണ്.
ജില്ലാ കേന്ദ്രത്തിലുള്ള ആശുപത്രിയായിട്ടും ഇവിടെ കാർഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്തിക ഇല്ലായിരുന്നു. വർക്ക് അറേഞ്ച്മെന്റിൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിനെ നിയമിച്ചാണ് ഇവിടെ കാത്ത് ലാബ് പ്രവർത്തിപ്പിച്ചിരുന്നത്. കാർഡിയോളജിയിൽ പി.ജിയുള്ള മെഡിസിൻ വിഭാഗം ഡോക്ടറുടെയും എൻ.എച്ച്.എം മുഖേന നിയമിച്ച കാർഡിയോളജിസ്റ്റിന്റെയും നേതൃത്വത്തിലാണ് കാർഡിയോളജി ഒ.പി നടത്തിയിരുന്നത്. ഇതിനിടെ കാർഡിയോളജി ഒ.പിയിലെ മെഡിസിൻ വിഭാഗം ഡോക്ടറെ ആഴ്ചയിൽ രണ്ട് ദിവസം പുനലൂർ താലൂക്ക് ആശുപത്രിയിൽ വർക്ക് അറേഞ്ച്മെന്റിൽ നിയമിച്ചു. കാർഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്തിക അനുവദിച്ചപ്പോൾ ഈ വിഭാഗം കൂടുതൽ ബലപ്പെടുമെന്നായിരുന്നു പ്രതീക്ഷ. അതിനിടയിലാണ് വർക്ക് അറേഞ്ച്മെന്റിലെത്തിയ കാർഡിയോളജിസ്റ്റിനെ പുനലൂരിലേക്ക് മാറ്റിയത്.
കാത്ത് ലാബ് ഇല്ലാത്ത പുനലൂർ, കൊട്ടാരക്കര താലൂക്ക് ആശുപത്രികളിൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളെ നിയമച്ചത് രോഗികൾക്ക് പ്രയോജനപ്പെടില്ല. ഹൃദയ ശസ്ത്രക്രിയകൾ നടത്തേണ്ട ഇവർ താലൂക്ക് ആശുപത്രികളിൽ കാർഡിയോളജി ഒ.പി മാത്രം നടത്തുകയാണ്.
വേണം, രണ്ടുപേർ കൂടി
നിലവിൽ ഒരു ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടക്കുന്നത്. രണ്ട് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളെക്കൂടി നിയമിച്ചാൽ കാത്ത് ലാബ് 24 മണിക്കൂറും പ്രവർത്തിപ്പിച്ച് അടിയന്തിര സാഹചര്യങ്ങളിലും സേവനം ലഭ്യമാക്കാം. കാത്ത് ലാബില്ലാത്ത പുനലൂർ, കൊട്ടാരക്കര താലൂക്ക് ആശുപത്രികളിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളെ മാറ്റി നിയമിച്ചും താത്കാലികമായി 24 മണിക്കൂർ ലാബ് പ്രവർത്തിപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |