SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.18 PM IST

ചോര വാർന്നി​ട്ടും അടിച്ചു ചുരുട്ടി​...

Increase Font Size Decrease Font Size Print Page

കൊല്ലം: 'അവന്റെ ശരീരത്തിൽ നിന്ന് ചോര വാർന്നൊഴ‌ുകി​യി​ട്ടും അവർ അടി​ച്ചുകൊണ്ടേയി​രുന്നു...' ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനി​ടെ ആറംഗസംഘത്തിന്റെ ക്രൂരമർദ്ദനത്തിന് സഹോദരൻ ഇരയായതി​ന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തനായിട്ടില്ല ജ്യേഷ്ഠൻ ജയകൃഷ്ണൻ. മരണത്തോട് മല്ലടിച്ച് ഹരികൃഷ്ണൻ വെന്റിലേറ്ററിൽ കിടന്നപ്പോൾ ജീവിതത്തിലേക്ക് അവൻ തിരിച്ചെത്തുമെന്ന വിശ്വാസത്തിൽ പുറത്തുതന്നെ ജയകൃഷ്ണൻ കാത്തിരുന്നു.

ഓരോ തവണയും ഡോക്ടർ പറയുന്ന വാക്കുകളിൽ പ്രതീക്ഷയുടെ ഒരു തരിമ്പെങ്കിലും ഉണ്ടോയെന്ന് ശ്രദ്ധിച്ചു. ഒടുവിൽ ഇന്നലെ എല്ലാവരെയും വിട്ട് ഹരി യാത്രപറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ജയകൃഷ്ണൻ അപ്പോഴും വെന്റിലേറ്ററിന് മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു. ഹരികൃഷ്ണന് നേരെ ഉണ്ടായ ആദ്യത്തെ കയ്യേറ്റ ശ്രമം തടഞ്ഞ് രക്ഷിച്ചത് ജയകൃഷ്ണൻ ആയിരുന്നു. ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞ് വീണ്ടും അവരെത്തുമ്പോൾ അത് തന്റെ അനിയന്റെ പ്രാണനെടുക്കാനായി​രുന്നെന്ന് ജയകൃഷ്ണൻ ചി​ന്തി​ച്ചതേയി​ല്ല.

‘കൊല്ലടാ... അവനെ, കൊല്ലടാ... അവനെ’ എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. തടി ഉപയോഗിച്ച് തലയ്ക്ക് ആഞ്ഞടിച്ചു. തളർന്ന് നിലത്തുവീണിട്ടും കരഞ്ഞ് വിളിച്ചിട്ടും ശരീരത്തിൽ പലതവണ ചാടി ചവിട്ടി. ഓടിച്ചെന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ എന്നെയും സഹോദരിയുടെ ഭർത്താവ് രാജേഷിനെയും അവർ മർദ്ദിച്ചു. നിലത്ത് കിടന്ന ഹരിയെ ചേച്ചി കൈക്കുഞ്ഞുമായി പിടിച്ച് എഴുന്നേൽപിക്കാനും ശ്രമിച്ചു. കരഞ്ഞ് പറഞ്ഞിട്ടും അവർ കേട്ടില്ല. എങ്ങനെയെങ്കിലും അവനെ അവരിൽ നിന്ന് രക്ഷിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നോക്കുമ്പോഴേക്കും അവന് ബോധം ഇല്ലായിരുന്നു...' വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ജയകൃഷ്ണൻ വിങ്ങിപ്പൊട്ടി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ