
കൊല്ലം: അഞ്ചൽ മതുരപ്പയിലെ മാമൂട്ടിൽ ഹൗസിലേക്ക് വീണ്ടുമെത്തി സിവിൽ സർവീസ് മധുരം! കർഷകനായ ജെ.അശോകന്റെയും ഷൈലജയുടെയും ഇളയമകൻ അഭിജിത്ത് അശോകനാണ് (33) സിവിൽ സർവീസ് പരീക്ഷയിൽ 234-ാം റാങ്കുനേടി അഭിമാനമായത്. അഭിജിത്തിന്റെ ജേഷ്ഠൻ അങ്കിത് അശോകൻ 2017ൽ സിവിൽ സർവീസ് റാങ്ക് നേടിയിരുന്നു. ഇപ്പോൾ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് എസ്.പിയാണ് അങ്കിത്.
ജേഷ്ഠന്റെ പ്രോത്സാഹനത്തിലൂടെയാണ് അഭിജിത്തും സിവിൽ സർവീസിന് ശ്രമിച്ചത്. ആറാം തവണയാണ് സ്വപ്നനേട്ടം കൈപ്പിടിയിലൊതുങ്ങിയത്. ഐ.എഫ്.എസിനാണ് അഭിജിത്തിന്റെ ശ്രമം. ഡെൽഹിയിലായിരുന്ന ജെ.അശോകനും ഷൈലജയും മക്കളെയും കൂട്ടി അഞ്ചലിലേക്ക് സ്ഥിര താമസത്തിനെത്തിയത് 1998ൽ ആണ്. അഞ്ചൽ സെന്റ് ജോൺസ് സ്കൂളിലാണ് അഭിജിത്ത് പ്ളസ് ടു വരെ പഠിച്ചത്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ വെള്ളാനിക്കര കോളേജ് ഒഫ് ക്ളൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട അഞ്ച് വർഷ കോഴ്സ് പഠിച്ചു. അതേ കോളേജിൽ മൂന്ന് വർഷം അസി.പ്രൊഫസറായും ജോലി ചെയ്തു. രണ്ടാഴ്ച മുൻപാണ് ഡെൽഹിയിൽ കായിക യുവജന മന്ത്രാലയത്തിൽ മൈ ഭാരത് ഓർഗനൈസേഷൻ അസി.ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചത്. എൻലൈറ്റിലും ഫോർച്യൂണിലുമായി സിവിൽ സർവീസ് പരിശീലനത്തിന് പോകുന്നുണ്ടായിരുന്നു. ആറ് തവണ പരീക്ഷ എഴുതിയെങ്കിലും ഇപ്പോഴാണ് റാങ്ക് നേടാനായത്. കോളേജിലെ ബാസ്കറ്റ് ബോൾ ടീമിൽ അംഗമായിരുന്നു അഭിജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |