കൊല്ലം: ജില്ലയിലെ ആട് വസന്ത രോഗനിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി ആടുകൾക്ക് കുത്തിവയ്പ്പ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. 16വരെയാണ് കുത്തിവയ്പ്പ്.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 59,695 ആടുകൾക്കാണ് കുത്തിവയ്പ്പ് നൽകുന്നത്. കൊല്ലം തില്ലേരിപള്ളി അങ്കണത്തിലെ ആടുകൾക്ക് ആദ്യ കുത്തിവയ്പ് നൽകി.
തില്ലേരി പള്ളിയങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി .ഷൈൻ കുമാർ അദ്ധ്യക്ഷനായി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ആടുവസന്ത നിർമാർജന യജ്ഞം കൊല്ലത്ത് നടക്കുന്നത്. 2030ഓടെ വസന്ത രോഗം ഇല്ലാതാക്കുകയാണ് ലക്ഷ്യം. കുത്തിവെപ്പിനായി ജില്ലയിൽ 166 സ്ക്വാഡുകൾ രൂപീകരിച്ചു. ആടു ഫാമുകൾ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ്പ് നൽകുക. കുത്തിവയ്പ് നൽകുന്ന ആടുകൾക്ക് ഗ്രൂപ്പ് തിരിച്ച് ചെവിയിൽ ടാഗ് പതിപ്പിക്കും. ചടങ്ങിൽ ഡോ.രമ.ജി. ഉണ്ണിത്താൻ,ഡോ.സിനിൽകുമാർ, ഡോ. ഹരിഷ്മ ബാബു എന്നിവർ പങ്കെടുത്തു.
നാലു മാസത്തിൽ താഴെ പ്രായമുള്ള ആടുകൾക്കും ഗർഭാവസ്ഥയിലുള്ള ആടുകൾക്കും വാക്സിൻ നൽകില്ല. വസന്തരോഗത്തിന് മരുന്നുകൾ പരിഹാരമല്ലാത്തതിനാൽ രോഗംബാധിച്ച ആടുകളെ കൊന്നൊടുക്കാറാണ് പതിവ്. സമ്പർക്കത്തിലൂടെയും തീറ്റയിലൂടെയും വെള്ളത്തിലൂടെയുമൊക്കെയാണ് വൈറസ് ആടുകൾക്ക് പകരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |