ചവറ: പൊന്മന കാട്ടിൽ മേക്കതിലമ്മയുടെ തിരുസന്നിധിയിൽ വൃശ്ചിക മഹോത്സവം ഇന്ന് മുതൽ 28 വരെ വിവിധ പരിപാടികളോടെ നടക്കും.
അമ്മയുടെ സന്നിധിയിൽ ഭജനം പാർക്കാൻ ആയിരങ്ങൾ എത്തിച്ചേർന്നു.
വൃശ്ചിക മാസത്തിലെ ആദ്യ 12 ദിനരാത്രങ്ങൾ ഭജനം പാർത്ത് വ്രതശുദ്ധിയോടെ അമ്മയെ സ്തുതിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യം സഫലമാകുമെന്നാണ് വിശ്വാസം.
വൃശ്ചികോത്സവത്തിന് ഉയർത്താനുള്ള കൊടിക്കൂറയും വഹിച്ചുള്ള ഘോഷയാത്ര ചമ്പക്കുളം മുളക്കിയിൽ നിന്ന് ക്ഷേത്രത്തിലെത്തി. ഇന്ന് രാവിലെ 8.43 കഴികെ 9.36 നകമുള്ള ധനുരാശിയിൽ ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റും. തുടർന്ന് കലശത്തിന് ശേഷം തന്ത്രി എല്ലാ കുടിലുകളിലുമെത്തി തീർത്ഥം തളിക്കും. ഇതിന് ശേഷമേ കുടിലുകളിൽ ആഹാരം പാകം ചെയ്യാൻ തീ തെളിക്കൂ.
കുടിലുകളിൽ സ്വന്തമായി പാകം ചെയ്യുന്ന ഭക്ഷണത്തിന് പുറമേ ക്ഷേത്രത്തിൽ എല്ലാ ദിവസവും പ്രത്യേക അന്നദാനവുമുണ്ട്. വൃശ്ചികം 1ന് രാത്രി 7ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.ആർ മഹേഷ് എം.എൽ.എ ഭദ്രദീപം പ്രകാശിപ്പിക്കും. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ആർ.സുജിത്ത് സ്വാഗതം പറയും. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർചന്ദ്രബോസ് മുഖ്യാതിഥിയാവും. ഡോ.എം.എം.ബഷീർ. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, പഞ്ചായത്ത് അംഗം ജയചിത്ര, തിരുവനന്തപുരം കോപ്പറേഷൻ കൗൺസിലർ ജി.ആശാനാഥ് എന്നിവർ ആശംസ നേരും. ക്ഷേത്രയോഗം ജോ. സെക്രട്ടറി ടി.സനു നന്ദി പറയും. രാത്രി 10.30ന് നാടകം നാലുവരിപ്പാത, വൃശ്ചികം 12 വരെ എല്ലാദിവസവും രാത്രി കലാപരിപാടികൾ ഉണ്ടാകും.
പന്ത്രണ്ട് വിളക്ക് മഹോത്സവ ദിനമായ 28ന് വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ് ജെ.സുനിൽകുമാർ അദ്ധ്യക്ഷൻനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ മുഖ്യാതിഥിയാവും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പന്മന പഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി എന്നിവർ ആശംസകൾ അർപ്പിക്കും. ക്ഷേത്രഭരണ സമിതി ഓഫീസ് സെക്രട്ടറി സി.ചന്തു സ്വാഗതവും ഓഫീസ് സെക്രട്ടറി ആർ.രാജേഷ് നന്ദിയും പറയും. ഭജനം പാർക്കാൻ എത്തുന്നവർക്കും വൃശ്ചിക മഹോത്സവ നാളുകളിൽ അമ്മയുടെ അനുഗ്രഹം തേടിയെത്തുന്നവർക്കുമായി വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് എസ്.ജയകുമാർ, സെക്രട്ടറി ആർ.സുജിത്ത്, വൈസ് പ്രസിഡന്റ് സുനിൽകുമാർ ജോ. സെക്രട്ടറി ടി.സനു, ട്രഷറർ സി.അജയൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |