കോട്ടയം: കയർ ഫെഡ് സംഭരണം ഭാഗികമായി നിലച്ചതോടെ വൈക്കം മേഖലയിലെ 30 സംഘങ്ങളിലായി കെട്ടിക്കിടക്കുന്നത് 1500 ക്വിന്റൽ കയർ. 2022 ഏപ്രിൽ 22 മുതലാണ് ഈ പ്രതിസന്ധി. മുമ്പ് മാസത്തിൽ ആറ് ലോഡിൽ കൂടുതൽ കയറാണ് സംഭരിച്ചിരുന്നത്. ഇപ്പോഴത് 1 - 2 വരെ ലോഡായി കുറഞ്ഞു. ചെമ്മനാകരി, വെച്ചൂർ, പള്ളിപ്പുറത്ത്‌ശേരി, വല്ലകം വടക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ കയർ കെട്ടിക്കിടക്കുന്നത്.
സംഭരിച്ച കയറിന്റെ തുക ലഭിക്കാൻ വൈകുന്നതും സംഘങ്ങൾക്കും തൊഴിലാളികൾക്കും ഇരുട്ടടിയായി. ഉത്പാദനം കുറഞ്ഞതോടെ വൈക്കം മേഖലയിലെ നാല് സംഘങ്ങൾ പൂട്ടി. 2022 സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ സംഭരിച്ച കയറിന്റെ തുക നൽകിയത് 2023 ഫെബ്രുവരിയിൽ. നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസത്തിലെ തുക ലഭിക്കാനുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
പിരിക്കുന്നതിനുള്ള ചകിരി നൽകേണ്ടതും കയർഫെഡാണ്. തമിഴ്‌നാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് ചകിരിയെത്തിക്കുന്നത്. ഒരു ലോഡ് തൊണ്ടിന് 1048 രൂപയും, കിലോയ്‌ക്ക് 12 മുതൽ 15 രൂപ വരെയും, 30 കിലോയുടെ ചകിരിക്കെട്ടിന് 450 രൂപയുമാണ് വില.
160 റൺ ഏജ് മുതൽ 200 വരെയുള്ളതാണ് വൈക്കം കയർ. ഒരു കിലോ കയറിന് 42 മുതൽ 48 രൂപ വരെയാണ് വില. എന്നാലിത് 44 രൂപയായി കുറച്ചതും പ്രതിസന്ധിയുണ്ടാക്കി.
തൊഴിലാളിക്കൂലി 200 ലും താഴെ
350 രൂപയാണ് തൊഴിലാളിയുടെ ഒരു ദിവസത്തെ കൂലി. ഇതിൽ 110 രൂപ സർക്കാരും 240 രൂപ സംഘവും നൽകും. എന്നാൽ സംഭരണം കുറച്ചതോടെ രാവിലെ മുതൽ വൈകിട്ട് വരെ ജോലി ചെയ്താലും 200 രൂപയിൽ താഴെയാണ് തൊഴിലാളി കൂലി. വൈക്കം മേഖലയിൽ മാത്രം 2000ലധികം പേരാണ് മേഖലയെ ആശ്രയിച്ചുള്ളത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കയർ ഉത്പാദനം കുറഞ്ഞതോടെ, പലരും നിത്യച്ചെലവിനായി മറ്റ് ജോലികൾ തേടുകയാണ്. അതിനിടെ ഉത്പാദിപ്പിച്ച കയർ സൂക്ഷിക്കാനുള്ള ഇടം പല സംഘങ്ങൾക്കുമില്ല. ഇതും വെല്ലുവിളിയാണ്. ഇതിലൂടെ കയർ ഉപയോഗ ശൂന്യമാകുന്നതിനും ഗുണനിലവാരം നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്. കയർഫെഡ് ഗോഡൗണുകളിൽ സംഭരിക്കുന്ന കയറിന് നിലവിൽ ക്ലിയറൻസ് സെയിലുണ്ട്. 30 ശതമാനം സബ്‌സിഡി നൽകിയുള്ള ക്ലിയറൻസ് സെയിലിലേക്ക് വൈക്കം മേഖലയിലെ സംഘങ്ങളിലെ സ്റ്റോക്ക് കയർഫെഡ് എടുക്കുന്നില്ല. ഇതും തൊഴിലാളികൾക്ക് തിരിച്ചടിയായി അതേസമയം, ആലപ്പുഴ, ചേർത്തല, കായംകുളം എന്നിവിടങ്ങളിലെ സംഘങ്ങളിൽനിന്ന് കയർ സംഭരിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. വൈക്കത്തെ കയർ എടുക്കാത്തതിന് കാരണം വ്യക്തമല്ലെന്നും അവർ പറയുന്നു.
സംഭരണം ആറ് ലോഡിൽ നിന്ന് രണ്ടായി
വൈക്കത്തെ കയർ സംഘങ്ങൾ- 30
പൂട്ടിപ്പോയവ- 4
കെട്ടിക്കിടക്കുന്ന കയർ- 1500 ക്വിന്റൽ
സംഭരണം കുറച്ചത് 2022 ഏപ്രിൽ 22 മുതൽ
മാസത്തിൽ സംഭരിച്ചിരുന്ന കയർ- ആറ് ലോഡിൽ കൂടുതൽ
ഇപ്പോൾ സംഭരിക്കുന്നത്: 1 - 2 വരെ ലോഡ്
ഒരു ലോഡ് തൊണ്ടിന്റെ വില- 1048 രൂപ
കിലോയ്‌ക്ക് വില:12- 15 രൂപ
30 കിലോ ചകിരിക്കെട്ടിന്റെ വില- 450 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |