കോട്ടയം: ലോക സിനിമയുടെ വിസ്മയവുമായി അഞ്ചു ദിവസം ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച കോട്ടയം രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. മികച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളാലും സിനിമാപ്രേമികളുടെ പങ്കാളിത്തം കൊണ്ടും മേള സജീവമായി. സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയത്തെ മേള ജനപങ്കാളിത്തം കൊണ്ട് ചരിത്രമായെന്ന് തിരുവഞ്ചൂർ പറഞ്ഞു. തുടർന്ന് ചലച്ചിത്ര പ്രേമികൾ വിവിധ നിറങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ടു.
ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, സംവിധായകരായ ജയരാജ്, പ്രദീപ് നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഛായാഗ്രഹകരായ വിനോദ് ഇല്ലമ്പള്ളി, നിഖിൽ എസ്. പ്രവീൺ, ഫൗസിയ ഫാത്തിമ, ചലച്ചിത്ര അക്കാഡമി നിർവാഹക സമിതി അംഗം പ്രകാശ് ശ്രീധർ, ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, സംഘാടക സമിതി കോ-ഓർഡിനേറ്റർ സജി കോട്ടയം, രാഹുൽ രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സമാപന ചിത്രമായി ഇറാനിയൻ സിനിമ ജാഫർ പനാഹിയുടെ 'നോ ബിയേഴ്സ്" പ്രദർശിപ്പിച്ചു. ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്പെയിൻ, സെർബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് പ്രദർശിപ്പിച്ചത്. മലയാള ചലച്ചിത്രങ്ങളും മികച്ച പ്രതികരണം നേടി.
കേരള ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്.
'വരും വർഷങ്ങളിലും കോട്ടയത്തെ രാജ്യാന്തര മേളയുടെ സ്ഥിരം വേദിയാക്കുന്നത് ഗൗരവമായി പരിഗണിക്കും''.
- പ്രേംകുമാർ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |