വൈക്കം: തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് കയർമേഖല വീണ്ടും കടുത്ത പ്രതിസന്ധിയിൽ. മാസങ്ങളായി തൊഴിലാളികൾ പണിയും കൂലിയുമില്ലാത്ത അവസ്ഥയിലാണ്. മുൻ മന്ത്റി തോമസ് ഐസക് രണ്ടാം കയർ പുനഃസംഘടനാ പദ്ധതി നടപ്പിലാക്കിയപ്പോൾ കയറും ഉല്പന്നങ്ങളും കയർഫെഡ്, കയർ കോർപറേഷൻ എന്നീ ഗോഡൗണിൽ കുമിഞ്ഞുകൂടി. അന്ന് കയർ വിൽക്കാനുള്ള പദ്ധതികൾ ഇല്ലായിരുന്നു. ഇപ്പോൾ സംഘങ്ങളിലും കയർ കുമിഞ്ഞുകൂടിയിരിക്കുകയാണ്. കയറും കയർ ഉല്പന്നങ്ങളും സംഭരിക്കുന്നത് കയർഫെഡും, കയർ കോർപറേഷനും പൂർണമായി നിറുത്തിവച്ചു. വിൽക്കുന്നതിന് സർക്കാർ ഇടപെടുന്നില്ല. 80 കോടി രൂപ കയർമേഖലയ്ക്ക് കൊടുത്തുതീർക്കാനുണ്ട്. പുതിയ കയർ പിരിക്കുന്നതിന് ചകിരിയും ലഭ്യമല്ല. ഇതോടെ തൊഴിലാളികൾ കഷ്ടത്തിലായി. വീടുകളിൽ കയർപിരിച്ച് സംഘങ്ങളിൽ നൽകി ആ വരുമാനം കൊണ്ട് നിത്യവൃത്തി കഴിഞ്ഞിരുന്ന സാധാരണക്കാരായ കയർ തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. പലരും മറ്റ് കൂലിപ്പണികൾ തേടുകയാണ്.
2022 സാമ്പത്തിക വർഷം 117 കോടി രൂപ കയർമേഖലയ്ക്ക് വകയിരുത്തിയിരുന്നു. എന്നാൽ ഇത്തവണ അത് 106 കോടിയിലേക്ക് ചുരുങ്ങി.
കനിവ് കാത്ത്
കേരളത്തിന്റെ കയർമേഖല സംസ്ഥാന സർക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ്.സംഘങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വർക്കിംഗ് ക്യാപ്പിറ്റൽ ഗ്രാൻഡ് ശമ്പളത്തിനുള്ള മാനേജരിയൽ ഗ്രാന്റ്, എല്ലാം നിലച്ചിട്ട് രണ്ട് വർഷമായി. സർക്കാർ കൈവിട്ടാൽ കേരളത്തിൽ നിന്നും കയർ മേഖല ഇല്ലാതാകും.
കേരളത്തിൽ കയർമേഖലയുടെ സ്തംഭനാവസ്ഥ നീക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. തൊഴിലാളികളുടെ പ്രതിനിധികളെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ തികഞ്ഞ തൊഴിലാളി വഞ്ചനയാണ് കാട്ടുന്നത്. അവഗണ അവസാനിപ്പിച്ചില്ലെങ്കിൽ സമരത്തിന് രൂപം നൽകും.
യു.ബേബി.
(കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കോട്ടയം ജില്ലാ പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |