പാലാ:പാലായുടെ മാനത്ത് പാരച്യൂട്ടിൽ പറന്ന് ത്രില്ലടിച്ച യുവജനതയ്ക്ക് പാരാസെയ്‌ലിംഗ് ആവേശമായി. കായികമേഖലയുടെ കളിത്തൊട്ടിലായ പാലായുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച എയ്‌റോ സ്‌പോർട്‌സ് വിഭാഗത്തിലുള്ള പാരാസെയിലിംഗ് പാലാ സെന്റ് തോമസ് കോളേജ് മൈതാനത്തിലാണ് നടന്നത്.
കോളേജിലെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെന്റ് തോമസ് കോളേജിന്റെയും പാലാ പ്രണ്ട്‌സ് ആർട്‌സ് ക്ലബിന്റെയും സഹകരണത്തോടെ നടത്തിയ ആവേശപ്പറക്കൽ പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ, കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യൻ എയർ ഫോഴ്‌സ് റിട്ടയേർഡ് വിംഗ് കമാൻഡറും ശൗര്യചക്ര ജേതാവുമായ യു.കെ പാലാട്ട്, അസി. ഇൻസ്ട്രക്‌റും പൂർവ വിദ്യാർത്ഥിയുമായ ബിനു പെരുമന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാരാസെയിലിംഗ് സംഘടിപ്പിച്ചത്. പറക്കാൻ പെൺകുട്ടികൾക്കായിരുന്നു ഏറെ ആവേശം. പങ്കെടുത്ത 50 വിദ്യാർത്ഥികളിൽ 35 പേരും പെൺകുട്ടികളായിരുന്നു. കുട്ടികളിൽ പലരും 150 അടി ഉയരത്തിൽ വരെ പറന്നുയർന്നു. മാർഗ നിർദ്ദേശങ്ങളും മുന്നൊരുക്കങ്ങളും യു.കെ. പാലാട്ടും ബിനു പെരുമനയും നടത്തിയിരുന്നു.
പാരാസെയ്‌ലിംഗ്
ജീപ്പിന്റെ സഹായത്തോടെ ആളുകളെ പാരച്യൂട്ടിൽ മുകളിലേക്ക് പറക്കാൻ സഹായിക്കുന്ന വിനോദമാണ് പാരാസെയിലിംഗ്. സാഹസിക വിനോദമാണിത്. ഇതേ വിനോദം ജലത്തിൽ ബോട്ടുമാർഗ്ഗം ചെയ്യുന്നതിനെ അക്വാപാരാസെയ്‌ലിംഗ് അഥവാ പവർ പാരാസെയ്‌ലിംഗ് എന്ന് പറയും. ബിനു പെരുമന ഇത്തരം നിരവധി സാഹസിക വിനോദപരിപാടികൾക്ക് ചുക്കാൻപിടിക്കു ആളാണ്.
ആദ്യം പറന്നത് പരിശീലകന്റെ മകൻ
പാരാ സെയിലിംഗിൽ ആദ്യം പറന്നത് പരിശീലകൻ ബിനു പെരുമനയുടെ മകൻ 16-കാരൻ ടിന്റോ പെരുമനയായിരുന്നു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ടിന്റോ.
കാറ്റ് ചതിച്ചു, മരച്ചില്ലയിൽ കുടുങ്ങി
കാറ്റും കയറും ചതിച്ചപ്പോൾ പറന്ന പെൺകുട്ടികളിൽ ചിലർ മരച്ചില്ലകളിൽ കുടുങ്ങി. ചിലർ എടുത്തടിച്ചു വീണു. കയർ പൊട്ടിയതും പെട്ടെന്ന് കാറ്റിന്റെ ഗതി മാറിയതുമാണ് നേരിയ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് ബിനു പെരുമന "കേരള കൗമുദി യോടു പറഞ്ഞു. കോളജ് ഗ്രൗണ്ടിലെ ചില നിർമ്മിതികളും ഒരിടത്ത് മണൽ കൂട്ടിയിരുന്നതുമെല്ലാം അൽപ്പം തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും സാഹസിക വിനോദസഞ്ചാരത്തെ ഇഷ്ടപ്പെടുന്ന യുവതയ്ക്ക് പാരാ സെയിലിംഗ് ആവേശമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പരിശീലകർ പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്
പാലാ സെന്റ് തോമസ് കോളേജ് ഗ്റൗണ്ടിൽ ഇന്നലെ നടന്ന പാരാസെയ്‌ലിങ്ങ് സാഹസിക വിനോദ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |