തൊടുപുഴ : സങ്കടങ്ങളെ പടിക്കുപുറത്ത് നിറുത്തിയാണ് അഥിരത് കലാവേദിയിലേക്ക് കാൽവച്ചത്, ചിലങ്കയുടെ താളത്തിനൊത്ത് ഉള്ളിൽ കലയുടെ കിലുക്കം. നോവു മറന്നാടി, ശ്രീമഹാദേവന്റെ അസുര നിഗ്രഹം കുച്ചുപ്പുടിവേദിയിൽ അവതരിപ്പിച്ച് പൂർത്തിയാക്കിയപ്പോൾ സദസിന്റെ കൈയടി. ഒറ്റയ്ക്ക് പോരാടിയവന്റെ ഉള്ളും മനംനിറഞ്ഞു. പഠനവും കലയും പോരാട്ടത്തിനുള്ള ആയുധമാക്കിയ അഥിരത് മത്സര ഫലമറിയാൻ കാത്തുനിൽക്കാതെ വീട്ടിലേക്ക് മടങ്ങി.
എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ രണ്ടാം വർഷ മെഡിക്കൽ ആൻഡ് സൈക്യാട്രി പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥിയാണ് എം. അഥിരത്. കുട്ടിക്കാലം മുതൽ നൃത്തത്തെ നെഞ്ചേറ്റി. സാമ്പത്തിക ബലമില്ലാത്തതിനാൽ വീട്ടുകാർ നൃത്തപഠനത്തിന് അനുവാദം നൽകിയില്ല. സുമനസുകളുടെ സഹായത്താൽ പത്താം ക്ളാസിൽ പഠിക്കവെ നാടോടി നൃത്തത്തിൽ പങ്കെടുത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചെങ്കിലും പിന്നീട് ചിലങ്കയഴിച്ചുവച്ചു. എറണാകുളം നോർത്ത് പറവൂർ മണ്ണുകുഴിയിൽ ഹൗസിൽ എം.ടി. മനോജ് കുമാറിന്റെയും, ലൈജുവിന്റെയും മകനാണ്. നാട്ടിൽ ഇലക്ട്രീഷ്യനും പ്ളംബറുമായി ജോലി ചെയ്യുകയാണ് പിതാവ്. പാരമ്പര്യമായി ലഭിച്ച പത്ത് സെന്റ് ഭൂമി സ്വന്തം പേരിലാക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ സഹായത്താൽ വീട് ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ നാട്ടുകാർ ഒന്നിച്ച് ഷീറ്റുമേഞ്ഞ ചെറിയൊരു വീട് നിർമ്മിച്ചുനൽകി. ഈ കൂരയിലിരുന്നാണ് അഥിരത് സ്വപ്നങ്ങൾ മെനയുന്നത്.
ഫീസ് നൽകിയില്ല
ഓട്ടോണോമസ് കോളേജിൽ വർഷം പതിനയ്യായിരം രൂപയാണ് ഫീസ്. ചില കലാപ്രവർത്തകർക്കൊപ്പം സഹായിയായി പോകുമ്പോൾ കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് ഫീസടയ്ക്കാൻ അഥിരത് തുക കണ്ടെത്തുന്നത്. ഇത്തവണ ഫീസ് അടയ്ക്കാനായിട്ല്ലടി. അതിനിടയിൽ കലോത്സവം വന്നു. കുച്ചുപ്പുടി ആരും പഠിപ്പിച്ചതല്ല,മൊബൈലിൽ കണ്ട വീഡിയോ നോക്കിയാണ് പരിശീലിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |