കൊച്ചി: എം.ജി സർവകലാശാല കലോത്സവം നാലാം ദിനം അവസാനിക്കുമ്പോൾ പതിവ് തെറ്റിക്കാതെ എറണാകുളം ജില്ലയിൽ നിന്നുള്ള കോളേജുകൾ തന്നെയാണ് മുന്നിൽ. ആദ്യ അഞ്ച് സ്ഥാനത്തും എറണാകുളം ജില്ലയിൽ നിന്നുള്ള കോളേജുകളാണ്.
49 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് കോളേജാണ് മുന്നിൽ. ആദ്യ പത്തിൽ എട്ടും എറണാകുളത്തെ കോളജുകളാണ്. കോട്ടയം ജില്ലയിലെ രണ്ട് കോളേജുകളും ഇതിൽ ഉൾപ്പെടുന്നു. ബുധനാഴ്ച രാത്രി വരെ തേവര സേക്രട്ട് ഹാർട്ട് കോളജായിരുന്നു മുന്നിൽ, പിന്നീട് സെന്റ് തെരേസാസ് പിന്നിലേക്ക് പോയിട്ടില്ല. മഹാരാജാസ്, ആർ.എൽ.വി കോളജുകളും ശക്തമായ മത്സരവുമായി പിന്നിലുണ്ട്. 2022 വരെ ഹാട്രിക് വിജയം നേടിയ എസ്.എച്ച് കോളേജ് കപ്പ് ഉയർത്തുമെന്നുള്ള വാശിയിലാണ്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കപ്പ് തിരിച്ചെടുക്കാൻ സെന്റ് തേരാസാസും 10 വർഷത്തിന് ശേഷം ലഭിച്ച കപ്പ് വിട്ടുകൊടുക്കാതിരിക്കാൻ മഹാരാജാസും കടുത്ത പോരാട്ടത്തിലാണ്. കലാതിലകം, കലാപ്രതിഭ, പ്രതിഭ തിലകം പട്ടത്തിനും മത്സരം ശക്തമാണ്.
ചൂട് @37 ഡിഗ്രി
കലോത്സവ നഗരിയിൽ ഇന്നലെ 37 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. കടുത്ത ചൂട് മത്സരാർത്ഥികളെയും കാണികളെയും വല്ലാതെ വലയ്ക്കുന്നുണ്ട്. ഡാൻസ് മത്സരങ്ങളിൽ 29 പോയിന്റുമായി ആൽ.എൽ.വി കോളജാണ് മുന്നിൽ നിൽക്കുന്നത്.
കോളേജ്, പോയിന്റ് നില
സേക്രട്ട് ഹാർട്ട് കോളജ്, തേവര- 40
ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറ- 39
മഹാരാജാസ് കോളജ് എറണാകുളം- 30
യൂണിയൻ ക്രിസ്റ്റ്യൻ കോളജ് ആലുവ- 18
സിഎംഎസ് കോളജ് കോട്ടയം- 18
ഭാരതീയ മാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്- 14
ശ്രീശങ്കര കോളജ് കാലടി- 11
ഗവ. ലോ കോളജ് എറണാകുളം- 10
ദേവസ്വം ബോർഡ് കോളജ്കീഴുർ- 8
മത്സരാർത്ഥി ഫ്രം സൗത്ത് ആഫ്രിക്ക
തൊടുപുഴ: കലയ്ക്ക് ദേശത്തിന്റെയോ ഭാഷയുടെയോ അതിർവരമ്പുകളില്ലെന്നതിന് ഉദാഹരണമായി ഇംഗ്ലീഷ് ചെറുകഥാ മത്സരത്തിൽ പങ്കെടുക്കാൻ സൗത്ത് ആഫ്രിക്കക്കാരിയും. കോട്ടയം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിലെ പി.ജി ഒന്നാം വർഷ വിദ്യാർത്ഥിനിയായ ഡിയവൺ റഡിയവണാണ്
കലോത്സവത്തിൽ മത്സരിക്കാനെത്തിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് സൗത്ത് ആഫ്രിക്കയിലെ ലെസോതോയിൽ നിന്ന് ഡിയവൺ പഠനത്തിനായി കേരളത്തിലെത്തിയത്. മുമ്പ് തമാശയ്ക്ക് ചെറിയ കഥകൾ എഴുതിയിട്ടുണ്ടെന്നല്ലാതെ ഇതുവരെ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. സഹപാഠികളുടെ സ്‌നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങിയാണ് ഇപ്പോൾ മത്സരത്തിൽ പങ്കെടുത്തത്. സൗത്ത് ആഫ്രിക്കയിലെ ലിംകോക്വിങ് യൂണിവേഴ്‌സിറ്റിയിൽ ബിരുദപഠനം പൂർത്തിയാക്കിയ ഡിയവൺ കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇഷ്ടമായതിനെ തുടർന്നാണ് ഉപരിപഠനത്തിനായി ഇവിടേക്കെത്തിയത്. സൗത്ത് ആഫ്രിക്കൻ സ്വദേശിനികളായ മറ്റ് മൂന്ന് പേർക്കൊപ്പം കുമാരനെല്ലൂരിൽ കോളേജിനടുത്ത് വീട് എടുത്താണ് താമസിക്കുന്നത്. കേരളത്തെക്കുറിച്ചു പറയുമ്പോൾ ലിയെങ്കോനെയ്ക്ക് നൂറുനാവാണ്. 'കേരളം എനിക്ക് വളരെ ഇഷ്ട്ടമാണ്. സാക്ഷരതയിലും സൗന്ദര്യത്തിലും ഈ നാട് വളരെ മുമ്പിലാണ്. നല്ല കാലാവസ്ഥ, സ്‌നേഹമുള്ള മനുഷ്യർ, എല്ലാം ഇവിടത്തെ പ്രത്യേകതയാണ് ' ഡിയവൺ പറയുന്നു. പൊറോട്ടയും മുട്ടക്കറിയുമാണ് ഡിയവണിന്റെ പ്രിയ വിഭവം. ചിക്കൻ ബിരിയാണി, ജിലേബി, ലഡ്ഡു, കപ്പലണ്ടി മിഠായി എന്നിവയും ഇഷ്ടമാണ്.
ഇന്ന്
വേദി 1 (പ്രധാന ഗ്രൗണ്ട് ): രാവിലെ ഒമ്പതിന് കോൽക്കളി, വൈകിട്ട് ആറിന് നാടോടിനൃത്തം (സംഘം)
വേദി 2 (എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്): രാവിലെ ഒമ്പതിന് ചാക്യാർകൂത്ത്, 11ന് ലളിതഗാനം (പെൺ)
വേദി 3 (ആർട്‌സ് കോളേജ് ഓഡിറ്റോറിയം): രാവിലെ ഒമ്പതിന് കുച്ചിപ്പുടി (പെൺ)
വേദി 4 (ലോ കോളേജ് ഓഡിറ്റോറിയം): രാവിലെ ഒമ്പതിന് തന്ത്രിവാദ്യം (പൗരസ്ത്യം), തന്ത്രിവാദ്യം (പാശ്ച്യാത്യം)
വേദി 5 (ബി.എഡ് കോളേജ് ഓഡിറ്റോറിയം ): രാവിലെ ഒമ്പതിന് പ്രസംഗം (ഹിന്ദി), വൈകിട്ട് മൂന്നിന് പ്രസംഗം (ഇംഗ്ലീഷ്)
വേദി 6 (എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയം): രാവിലെ ഒമ്പതിന് ശാസ്ത്രീയ സംഗീതം (ട്രാൻസ്‌ജെൻഡർ), ഉച്ചയ്ക്ക് രണ്ടിന് ശാസ്ത്രീയ സംഗീതം (ആൺ)
വേദി 7 (എൻജിനിയറിംഗ് കോളേജ് സെമിനാർ ഹാൾ ): ഇൻേ്രല്രഷൻ
വേദി 8 (ലോ കോളേജ് സെമിനാർ ഹാൾ): മത്സരമില്ല
വേദി 9 (ആർട്‌സ് കോളേജ് ബി ബ്ലോക്ക് ഓഡിറ്റോറിയം): രാവിലെ ഒമ്പതിന് സ്‌പോട് പെയിന്റിംഗ്, ഉച്ചയ്ക്ക് രണ്ടിന് പോസ്റ്റർ ഡിസൈൻ.
പണം വില്ലനായി, കുച്ചിപ്പുടിയിൽ നിറഞ്ഞാടി തൻവി മടങ്ങി
തൊടുപുഴ : സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുച്ചിപ്പുടിയിൽ മാത്രം മത്സരിച്ച് ഒന്നാം സ്ഥാനവുമായി തൻവിയുടെ മടക്കം.
2022ൽ പത്തനംതിട്ടയിൽ നടന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രതിഭാതിലകം തൻവിയായിരുന്നു. ഭരതനാട്യം, മോണോ ആക്ട്, ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നിവയിലാണ് മത്സരിച്ചത്. ഇത്തവണ ഒരിനത്തിൽ മാത്രമാണ് തൻവി മത്സരിച്ചത്. ഒരു മത്സര ഇനം പഠിക്കണമെങ്കിൽ 65,000 രൂപ ചെലവ് വരും. ഡാൻസ് കോസ്റ്റ്യൂമിന് മാത്രം പതിനായിരത്തിന് മുകളിലാകും. ഇത്രയും പണമില്ലായിരുന്നു. എന്നാൽ കോളേജിന്റെ നിർബന്ധപ്രകാരം മത്സരിക്കാനിറങ്ങുകയായിരുന്നു. കുച്ചിപ്പുടി നർത്തകിയായ ബിജില ബാലകൃഷ്ണൻ വളരെ കുറഞ്ഞ ഫീസ് വാങ്ങി തൻവിയെ നൃത്തം പഠിപ്പിച്ചു. തൃപ്പൂണിത്തിറ ആർ.എൽ.വി കോളേജിലെ എം.എ ഒന്നാംവർഷ ഭരതനാട്യം വിദ്യാർത്ഥിനിയാണ് തൻവി.
ചരിത്രത്തിന്റെ ഭാഗമായി ഗോപിക
തൊടുപുഴ: എം.ജി സർവകലാശാലയിലെ നങ്ങ്യാർകൂത്ത് മത്സരത്തിൽ വരുംവർഷങ്ങളിൽ ഗോപികയുടെ പേര് തിളങ്ങി നിൽക്കും. നങ്ങ്യാർകൂത്ത് വേദിയിൽ കണ്ണുകൾ കൊണ്ടും മുദ്രകൾക്കൊണ്ടും ഗോപിക കാണികളെ ഇമ വെട്ടാതെ പിടിച്ചിരുത്തിയപ്പോൾ ആ വിജയം ഒരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. കീഴൂർ ഡി.ബി കോളേജിലെ രണ്ടാംവർഷ പി.ജി വിദ്യാർത്ഥിനിയാണ് ഗോപിക. കഥകളിയിൽ രണ്ടാം സ്ഥാനവും നേടി കലാതിലക പട്ടത്തിലേക്കുള്ള പോരാട്ടത്തിൽ ഗോപിക രണ്ടാമതുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം ഇനങ്ങളിൽ മത്സരിച്ചു. ഭരതനാട്യത്തിന്റെ ഫലം ഇതുവരെ വന്നിട്ടില്ല. ഇനി ഓട്ടൻതുള്ളൽ മത്സരമാണുള്ളത്. വൈക്കം സ്വദേശിയായ ഗോപകുമാർ രേഖ ദമ്പതികളുടെ മകളായ ഗോപിക കഴിഞ്ഞ കലോത്സവ വേദികളിലെല്ലാം സജീവമായിരുന്നു. കഴിഞ്ഞവർഷം ഓട്ടൻതുള്ളലിൽ രണ്ടാംസ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |