കോട്ടയം: ഏറ്റുമാനൂരിൽ സ്വന്തം കുട്ടികളെയും കെട്ടിപ്പിടിച്ച് വീട്ടമ്മ ട്രെയിന് മുന്നിൽ കയറി നിന്ന് ജീവനൊടുക്കിയത് ഞെട്ടലോടെ ചർച്ച ചെയ്യുമ്പോൾ ഈ വർഷത്തെ ആത്മഹത്യയുടെ കണക്ക് കേട്ടാൽ വീണ്ടും ഞെട്ടും. രണ്ടര മാസത്തിനുള്ളിൽ ജില്ലയിൽ ജീവനൊടുക്കിയത് 36 പേർ! പ്രായപൂർത്തിയാകാത്തവരും യുവാക്കളും മദ്ധ്യവയസ്കരുമെല്ലാം ഉൾപ്പെടുന്നതാണീ കണക്ക്.
ഷൈനിയുടെ മരണം വിവാദമായതോടെ ചർച്ചയായെങ്കിൽ ബാക്കിയെല്ലാ മരണങ്ങളും ആരുമറിയാതെ ചരമക്കോളങ്ങളിൽ ഒതുങ്ങിപ്പോയവയാണ്. ജില്ലയിൽ ആത്മഹത്യയുടെ നിരക്ക് ഇത്രയധികം വർദ്ധിച്ചത് ഈ വർഷമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുടംബ വഴക്ക് മുതൽ ലഹരി ഉപയോഗവും സാമ്പത്തിക വിഷയങ്ങളും മാനസിക പ്രശ്നങ്ങളും വരെ ആത്മഹത്യാ നിരക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്ത്രീകളുടെ എണ്ണവും കുറവല്ല. യുവാക്കളിൽ 36-40 വയസിന് ഇടയിലുള്ളവരാണ് മരിച്ചവരിലേറെയും.
ഡിപ്രഷൻ കൂടി
നാലുവർഷത്തിനിടെ മനോരോഗ വിദഗ്ദ്ധരുടെ സേവനം തേടുന്ന യുവാക്കളുടേയും കൗമാരക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവാണ്. ഏറെയും പത്താംക്ലാസിന് താഴെയുള്ള വിദ്യാർത്ഥികൾ. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, സ്വഭാവ വൈകല്യം അടക്കമുള്ള പ്രശ്നങ്ങളാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്. പഠനത്തിൽ ശ്രദ്ധിക്കാതെ കാര്യമായ സംസാരമില്ലാതെ പ്രത്യേക മാനസികാവസ്ഥയിലേയ്ക്ക് കുട്ടികൾ എത്തിയതോടെയാണ് ഏറെപ്പേരും കൗൺസലിംഗ് സെന്ററുകളിൽ എത്തിക്കുന്നത്. അശ്ലീല ചിത്രങ്ങൾ കാണുക, കൊടുംക്രൂരതയുടെ വീഡിയോകളിൽ ആനന്ദംകണ്ടെത്തുക, ഓൺലൈൻ ഗെയിമുകളിൽ അടിമപ്പെടുക തുടങ്ങിയവയാണ് പൊതുലക്ഷണം. കൗൺസലിംഗിനിടെ പലരും ലഹരി ഉപയോഗത്തിന്റെയും പീഡനത്തിന്റെയും അനുഭവ കഥകളും പറഞ്ഞതിനെ തുടർന്ന് തിരികെ ജീവിതത്തിലേയ്ക്ക് നയിച്ച കേസുകളുമുണ്ട്.
വേദന രഹിത മരണം തിരയുന്നു
ആത്മഹത്യ പ്രവണതകളുള്ളവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. ഇന്റർനെറ്റിൽ വേദന രഹിത മരണം തിരയുന്നവരുടെ എണ്ണം വർദ്ധിച്ചെന്നും ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ടവരും തങ്ങളുടെ അടുത്ത് വരുന്നുണ്ടെന്നും ഇവർ പറയുന്നു.
മനസിന് കരുത്തില്ല
കൊവിഡിന് ശേഷമുള്ള ജീവിതസാഹചര്യത്തിലെ മാറ്റം
മനസിന് ഉറപ്പില്ല, നേരിടുന്നതിന് പകരം മരണത്തെപ്പറ്റി ചിന്ത
സാമ്പത്തിക പ്രശ്നങ്ങൾ, ലഹരി, കുടുംബ കലഹം, ഓൺലൈൻ ഗെയിം ചലഞ്ചുകൾ
ഈ മാസം 20വരെ മരിച്ചത് 36 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |