കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലക്‌ട്രിക് കാർ കുറുപ്പന്തറ കടവിലെ തോട്ടിൽ വീണു. യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62), ഭാര്യ ഷീബ (58) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഇന്ന് പുറത്തുവന്നു. തോട്ടിലേക്കിറങ്ങാനുള്ള വഴിയിൽ കെട്ടിനിന്ന വെള്ളം കാറിനുള്ളിലേക്ക് കയറി. ഇത് കണ്ടതോടെ ജോസിയും ഷീബയും ഉടൻ ഡോർ തുറന്ന് പുറത്തിറങ്ങി. ഒന്നരയടി കൂടി മുന്നോട്ട് പോയെങ്കിൽ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീണ് വൻ അപകടം സംഭവിക്കുമായിരുന്നു.
നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജോസിയുടെ സുഹൃത്തിന്റെ മാൻവെട്ടത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. വെള്ളം നിറഞ്ഞ് കിടന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നാണ് ജോസി പറഞ്ഞത്.
മഴക്കാലമായാൽ ഈ റോഡിൽ എപ്പോഴും വെള്ളക്കെട്ടാണ്. അതിനാൽ പലപ്പോഴും റോഡ് തിരിച്ചറിയാനാകാത്തത് അപകടത്തിന് കാരണമാകാറുണ്ട്. കുറുപ്പന്തറ കടവിൽ ഗൂഗിൾമാപ്പ് നോക്കിവരുന്ന വാഹനങ്ങൾ ഇതിന് മുമ്പും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ദിശതെറ്റി വാഹനങ്ങൾ തോട്ടിലേക്ക് പോകാതിരിക്കാനായി ഈ ഭാഗത്ത് സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൂഗിൾ മാപ്പ് നോക്കി എത്തുന്നവർ ഇത് ശ്രദ്ധിക്കാതിരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |