ലക്ഷങ്ങൾ ചെലവഴിച്ചുള്ള ഗാനമേളകളിൽ ലഹരിക്കടിമകളായ ക്രിമിനലുകൾ ഉറഞ്ഞുതുള്ളി വെട്ടും കുത്തും നടത്തി ഉത്സവ പറമ്പുകളെ കൊലപാതക ഭൂമിയായി മാറ്റേണമോ എന്നാണ് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്. ക്ഷേത്ര മൈതാനങ്ങളുടെ ശബ്ദനിയന്ത്രണ കപ്പാസിറ്റിയുടെ നാലിരട്ടിയുള്ള മൈക്ക് സിസ്റ്റവുമായാണ് ഗാനമേള ട്രൂപ്പുകൾ എത്തുക. ഒന്നുരണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിൽ പല സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന സിസ്റ്റത്തിൽ നിന്ന് ഉയരുന്ന ശബ്ദം വെടിക്കെട്ടിനെ കവച്ചുവയ്ക്കും. പാടാൻ കഴിവു കുറഞ്ഞ ഗായകരും തടി രക്ഷിക്കുന്നത് ചെവിക്കല്ല് തകർക്കുന്ന ഈ മൈക്ക് സിസ്റ്റത്തിന്റെ സഹായത്താലാണ്. പഴയ കാലത്തെ മനോഹര ഗാനങ്ങൾ കേട്ടാൽ കൂവും. അതോടെ ഗായകർ അടിച്ചു പൊളി പാട്ട് സ്പെഷ്യലിസ്റ്റുകളെ ഇറക്കും. അവർ നിന്നു പാടുകയില്ല. തുള്ളിയേ പാടൂ. കേൾവിക്കാരെ തുള്ളിപ്പിക്കാൻ ആൾക്കൂട്ടത്തിലേക്കും ഇറങ്ങും. കള്ളും കഞ്ചാവും രാസലഹരിയുമടിച്ച് കിറുങ്ങിനിൽക്കുന്നവരെ തുള്ളിപ്പിക്കും. സംഘം ചേർന്നുള്ള തുള്ളൽ ഉന്തും തള്ളും വാക്കേറ്റവും പിന്നെ കൂട്ടയടിയുമാകും. മുൻ വൈരാഗ്യം തീർക്കാൻ സംഘം ചേർന്നെത്തുന്നവർ വടിവാളും കത്തിയും എടുക്കും. പൊലീസ് ലാത്തിയടി തുടങ്ങും. തിരുനക്കരയിലെ ഒരു ഗാനമേളയിൽ 6 പേർക്കാണ് കുത്തേറ്റത്. അമ്പലപ്പറമ്പും കഴിഞ്ഞു അടി പൂരം സമീപ വഴികളിലേക്കും നീങ്ങി. മുതുപാതിരായിലേക്ക് നീണ്ടിരുന്ന ഗാനമേളകൾ പൊലീസ് ഇടപെട്ടു പത്തുമണിക്ക് അവസാനിപ്പിക്കണമെന്ന കർശന നിലപാട് സ്വീകരിച്ചപ്പോഴാണ് ഈ അവസ്ഥ.
ഗാനമേളകൾഉണ്ടെങ്കിലേ ഉത്സവ പറമ്പിൽ ആളുവരൂ എന്നാണ് ചില സംഘാടകരുടെ അവകാശവാദം. സംഘർഷം പതിവായതോടെ വൈക്കം , ഏറ്റുമാനൂർ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിൽ ഗാനമേളകൾ ഭക്തിഗാനമേളകൾക്ക് വഴിമാറി. പ്രശസ്ത പിന്നണി ഗായികമാരായ ചിത്രയും , വൈക്കം വിജയലക്ഷ്മിയുമൊക്കെ നടത്തിയ ഭക്തിഗാനമേളകൾ ആസ്വദിക്കാൻ കൂടുതൽ തിരക്കാണ് അനുഭവപ്പെട്ടത്. 'ഏഴരപൊന്നാനപ്പുറത്ത് എഴുന്നള്ളും ഏറ്റുമാനൂരപ്പാ ... എന്ന് ഭക്തി സാന്ദ്രമായി ചിത്രപാടിയപ്പോൾ ഉറഞ്ഞു തുള്ളലല്ല കുളിർ കോരിയിടുന്ന അനുഭവമായിരുന്നു. ക്ഷേത്ര കലകൾ ഉത്സവത്തിന് അവതരിപ്പിക്കുന്നത് പാവപ്പെട്ട കലാകാരന്മാരെ സഹായിക്കാൻ കൂടിയാണ്. മൂന്നു ദിവസത്തെ കഥകളിയും മറ്റു ക്ഷേത്ര കലകളും വെട്ടിക്കുറച്ച് ഗാനമേളകൾക്ക് അമിത പ്രാധാന്യം നൽകുന്നത് ശരിയാണോയെന്ന് ഉത്സവ 'പാരവാഹികൾ 'ആലോചിക്കണം. ലക്ഷങ്ങൾചെലവഴിച്ചിട്ട് എന്തിന് ഉത്സവപറമ്പിൽ വെട്ടും കുത്തും നടത്തിക്കണം. നിരപരാധികളെ വരെ പൊലീസ് ലാത്തിച്ചാർജിന് വിധേയരാക്കണം. അടിപിടിഗാനമേളകളുടെ സ്ഥാനത്ത് ഭക്തിഗാനമേളയും കൂടുതൽ ക്ഷേത്ര കലകൾക്കും പ്രധാന്യം നൽകണമെന്ന നിലപാടിലേക്ക് ദേവസ്വം ബോർഡ് എത്തുന്നതായറിയുന്നു. ഈ നീക്കം സ്വാഗതാർഹമാണെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |