കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളിൽ പകുതിയോളം ഉയർത്തിയതോടെ ഒഴുക്ക് കൂടി ഉപ്പുവെള്ളം ഇരച്ചെത്തുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. 90 ഷട്ടറുകളിൽ 50 ൽ താഴെ മാത്രമാണ് തുറന്നത്. കായൽ നിലങ്ങളിൽ കൊയ്‌ത്ത് 75 ശതമാനമേ പൂർത്തിയായിട്ടുള്ളൂ. ഉപ്പുവെള്ളം നെല്ലിൻ ചുവട്ടിലേക്ക് എത്തിയാൽ നെല്ല് നശിക്കും. ആവശ്യത്തിന് യന്ത്രം കിട്ടാത്തതും, വാടക ഉയർത്തിയതുമാണ് കൊയ്‌ത്ത് നീളാൻ കാരണമായത്. പൂർത്തിയായ ചില പാടങ്ങളിൽ കിഴിവിന്റെ പേരിൽ നെല്ല് സംഭരണം തടസപ്പെട്ടിരിക്കുകയാണ്. വേമ്പനാട്ടുകായലിനോട് ചേർന്നു കിടക്കുന്ന തോടുകളിൽ ഉപ്പുവെള്ളമെത്തിയതോടെ പോളയും പായലും ഒഴുകിത്തുടങ്ങിയത് ജലഗതാഗതത്തിനും, കായൽ ടൂറിസത്തിനും സഹായകമാണ്. ഷട്ടറുകൾ പൂർണമായും തുറക്കുന്നതോടെ വെള്ളത്തിന് ഉപ്പുരസം കൂടും. കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് ഇത് പമ്പിംഗിനെയും ബാധിക്കും. എന്നാൽ മത്സ്യങ്ങൾ കൂട്ടത്തോടെയെത്തിയതിന്റെ സന്തോഷത്തിലാണ് മത്സ്യത്തൊത്തൊഴിലാളികൾ. ഉപ്പുവെള്ളത്തിലാണ് മത്സ്യങ്ങളുടെ പ്രജനനം കൂടുതൽ നടക്കുക. പ്രത്യേകിച്ചും കൊഞ്ചിന്റെ മുട്ട വിരിയുന്നത്. ബണ്ടിനിപ്പുറം വിരിഞ്ഞ കൊഞ്ചിൻ കുഞ്ഞുങ്ങൾ ഇനി ഷട്ടർ തുറന്നു കിടക്കുന്ന എട്ടുമാസവും കായലിൽ വളരും. കൊഞ്ചിന് നല്ല വിലയുള്ളതിനാൽ ഉത്പാദനം വർദ്ധിക്കുന്നത് വൻസാമ്പത്തിക നേട്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |