കോട്ടയം : വെള്ള കാർഡുകാരുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും റേഷൻ കടകളിൽ നിന്ന് ലഭ്യമാക്കാൻ കഴിയുന്ന അളവിൽ കേന്ദ്രം മണ്ണെണ്ണ അനുവദിച്ചിട്ടും വിതരണം പാളുന്നു. ജില്ലയിൽ മൂന്ന് വിതരണകേന്ദ്രങ്ങളാണുള്ളത്. നേരത്തെ 33 എണ്ണമുണ്ടായിരുന്നത് കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം താലൂക്കുകളിലായി ചുരുങ്ങി. 267 റേഷൻ കടകൾ കോട്ടയം താലൂക്കിലുണ്ടെങ്കിലും ഇവിടെ വിതരണമില്ല. കാഞ്ഞിരപ്പള്ളിയിൽ ചെല്ലണം. 200 ലിറ്റർ വരുന്ന ഒരു ബാരലിന് 12600 രൂപയാണ് വില. കോട്ടയത്തെ കടയിൽ വാഹനത്തിൽ എത്തിക്കുന്നതിന് 800 രൂപയാകും. ഒരു ബാരലിൽ 10 ലിറ്റർ വരെ കുറവായിരിക്കും. കടയിൽ ഇരുന്നു ബാഷ്പീകരണം വഴിയും കുറയും. വണ്ടിക്കൂലി, കയറ്റിറക്ക് കൂലി, അളവിലെ കുറവ്, ഇതെല്ലാം കഴിഞ്ഞ് ഒരു ലിറ്റർ മണ്ണെണ്ണ വിറ്റാൽ 2രൂപ 70 പൈസയാണ് കമ്മീഷൻ. നഷ്ടക്കച്ചവടമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ലിറ്ററിന് ഏഴുരൂപ കമ്മീഷൻ വേണം
63 രൂപ 20 പൈസയാണ് ഒരു ലിറ്റർ മണ്ണെണ്ണ വില. ഒരു ലിറ്റർ, അരലിറ്റർ കുപ്പിയുമായി ഉപഭോക്താക്കൾ വരുന്നതിനാൽ അളവിൽ കുറവ് വരുത്താനുമാകില്ല. മെഷീനിൽ കാർഡുടമയുടെ വിരൽ പതിക്കേണ്ടതിനാൽ കരിഞ്ചന്ത വില്പനയും നടക്കില്ല. ഈ സാഹചര്യത്തിൽ ലിറ്ററിന് ഏഴുരൂപ കമ്മിഷൻ വേണമെന്നാണ് കട ഉടമകളുടെ ആവശ്യം. മഞ്ഞ കാർഡുടമകൾക്ക് ഒരു ലിറ്ററും മറ്റുള്ളവർക്ക് അരലിറ്ററുമാണ് വിതരണം ചെയ്യുന്നത്. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് ആറ് ലിറ്ററുമുണ്ടെങ്കിലും ഈ വിഭാഗത്തിൽ വിരലിലെണ്ണാവുന്നവർ പോലുമില്ല.
''മൊത്തവിതരണക്കാർ അളവ് കുറയ്ക്കുന്നതിനെതിരെ സർക്കാർ നടപടി എടുക്കണം. മണ്ണെണ്ണ സ്റ്റോക്ക് ചെയ്യാൻ കഴിയാത്ത തരത്തിൽ മിക്ക റേഷൻ കടക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അടിയന്തര ഇടപെടൽ ഉണ്ടാകണം
-കെ.കെ.ശിശുപാലൻ
( സംസ്ഥാന സെക്രട്ടറി ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |