കോട്ടയം: ഇടവേളയ്ക്ക് ശേഷം, ജില്ലയിലെ ജലടൂറിസം മേഖലയ്ക്ക് വില്ലനായി വീണ്ടും പോളശല്യം. ജലാശയങ്ങളിൽ പോള നിറഞ്ഞത് ടൂറിസം മേഖലയ്ക്കും ബോട്ട് സർവീസിനും മത്സ്യമേഖലയിലുള്ളവർക്കുമാണ് തിരിച്ചടിയായത്. പോള സംസ്‌കരണത്തിന് നിരവധി പ്രോജക്ടുകൾ ആസൂത്രണം ചെയ്‌തെങ്കിലും ഫലംകണ്ടില്ല. പോള സംസ്‌കരിക്കുന്നതിനായി കോടിമതയിൽ സ്ഥാപിച്ച പ്ലാൻര് കാടുമൂടി.
കുമരകം മേഖലയിൽ
ജില്ലയിലെ പ്രധാന ജലടൂറിസം മേഖലയായ കുമരകത്താണ് പോളശല്യം കൂടുതൽ. ഹൗസ് ബോട്ടുകളുടേയും സർവീസ് ബോട്ടുകളുടേയും പ്രൊപ്പല്ലറിൽ പോള കുരുങ്ങുന്നതിനും യാത്ര തടസസപ്പെടുത്തുന്നതിനും ഇടയാക്കുന്നു. സാധാരണ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുമ്പോൾ ഉപ്പുവെള്ളം കയറി ജലശുദ്ധീകരണം നടക്കുന്നതിനാൽ പോള ചീഞ്ഞ് പോവുകയാണ് പതിവ്. എന്നാൽ, ഇത്തവണ ബണ്ട് തുറന്നപ്പോൾ വേനൽമഴയുമെത്തി. ഇതേതുടർന്ന്, പോള ഒഴുകിപ്പോകാതെ കൂടുതൽ തിങ്ങിവളർന്നു. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കരകളോട് ചേർന്ന ഇടങ്ങളിലെ പോളവാരി മാറ്റി തള്ളി നീക്കിയാൽ അവ കായലിലെത്തി നശിച്ചുപോവുമെന്ന് കർഷകർ പറയുന്നു. തിരുവാർപ്പ്, കുമരകം, പടിഞ്ഞാറൻ പ്രദേശങ്ങളിലെ പ്രദേശവാസികൾ ഇവിടുത്തെ തോട്ടിലെ വെള്ളമാണ് അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കുന്നത്. പോള ചീഞ്ഞതോടെ വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയായി. വെള്ളം ഉപയോഗിക്കുന്നവർക്ക് ചൊറിച്ചിൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായും പരാതിയുണ്ട്.
വിനോദ സഞ്ചാരമേഖലയിൽ
മണിപ്പുഴ, കോട്ടയം, കോടിമത എന്നിവിടങ്ങളിൽ കൊടൂരാറ്റിൽ പോളകയറിയിട്ട് മാസങ്ങളായി. കോടിമത - ആലപ്പുഴ ബോട്ട് ചാലിന്റെ തുടക്കത്തിൽ മാത്രമാണ് അല്പം പോള ശല്യമില്ലാത്തത്. സമാന്തര ബോട്ടു ചാലായ പള്ളം കായലിലും പോള നിറഞ്ഞു. വിനോദ സഞ്ചാര ബോട്ടുകളിൽ പലതും ചീപ്പുങ്കൽ നിന്ന് സർവീസ് തുടങ്ങുന്നതിനാലാണ് അല്പമെങ്കിലും പോള ശല്യത്തിൽ നിന്ന് രക്ഷപെടുന്നത്. എന്നാൽ, ചെറുവള്ളങ്ങളും ചെറുബോട്ടുകളും പോളയിൽ കുടുങ്ങുന്നത് സാധാരണ കാഴ്ചയാണ്. മീൻപിടുത്തത്തിലേർപ്പെടുന്നവർക്കാണ് പോള മൂലം വലിയ പ്രതിസന്ധി. ഇവരുടെ മീൻ പിടുത്ത വലയുൾപ്പെടെയുള്ളവ നശിക്കുകയാണ്.
പോള ശല്യം ശാശ്വതമായി പരിഹരിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാരി നീക്കിയാൽ വീണ്ടും തഴച്ചുവളരുന്ന പോള പ്രധാന വരുമാന മാർഗമായ ടൂറിസത്തെ തകർത്തിട്ടും അധികൃതർ മൗനംപാലിക്കുകയാണ്.
ബോട്ട് ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |