കോട്ടയം : ഒരു കിലോമീറ്റർ യാത്രയ്ക്ക് ഈടാക്കുന്നത് 40 മുതൽ 100 രൂപ വരെ. ചോദ്യം ചെയ്താൽ ഭീഷണിയും അസഭ്യവർഷവും. യാത്രക്കാരെ കൊള്ളയടിക്കുന്ന ഓട്ടോഡ്രൈവർമാർ പെരുകുമ്പോഴും കോട്ടയം നഗരത്തിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ അടഞ്ഞു തന്നെയാണ്. മിനിമം നിരക്കിന് രണ്ട് ഇരട്ടിയൊക്കെയാണ് യാത്രക്കാരിൽ നിന്ന് പലരും ഈടാക്കുന്നത്. ഇക്കൂട്ടത്തിൽ നല്ലവരുമുണ്ട്. രാത്രിയിലാണ് കൂടുതൽ കൊള്ള. കുറഞ്ഞ ദൂരത്തേക്കുള്ള ഓട്ടം വരാനും പലർക്കും താത്പര്യമില്ല. യാത്രക്കാരും ഓട്ടോറിക്ഷക്കാരും തമ്മിലുള്ള തർക്കം പലയിടത്തും സംഘർഷത്തിലേക്കെത്തുമ്പോഴും ഗതാഗതവകുപ്പിന് അനക്കമില്ല. റെയിൽവേ സ്‌റ്റേഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു പ്രീപെയ്ഡ് ഓട്ടോ - ടാക്‌സി കൗണ്ടറുകൾ ഉണ്ടായിരുന്നത്. രാത്രിയിൽ ട്രെയിൻ വന്നിറങ്ങിയിരുന്ന യാത്രക്കാർക്ക് ഏറെ സഹായകമായിരുന്നു ഇത്. നഗരപരിധിക്കുള്ളിൽ കുറഞ്ഞനിരക്കിൽ യാത്രചെയ്യാനും സാധിക്കുമായിരുന്നു. എന്നാൽ മീറ്റർ ചാർജിൽ ഓടിയാൽ മുതലാകില്ല എന്നാണ് ഭൂരിപക്ഷം ഓട്ടോറിക്ഷ തൊഴിലാളികളും പറയുന്നത്. ഓല, യൂബർ പോലെയുള്ള പുതിയ സവാരി സംവിധാനം നഗരത്തിലില്ല.
മീറ്ററൊക്കെ വെറും കോമഡി
മീറ്റർ പോലും ഇല്ലാതെയാണ് പലരുടെയും ഓട്ടം. ഉള്ളതാവട്ടെ പ്രവർത്തനക്ഷമവുമല്ല. പെർമിറ്റ് കാലയളവിൽ നടത്തുന്ന പരിശോധനയല്ലാതെ, മീറ്റർ പ്രവർത്തിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് തുടർപരിശോധന ഇല്ല. യാത്രക്കാരിൽ പലർക്കും കൃത്യമായ ചാർജ് അറിയില്ലെന്നതിനാൽ ഓട്ടോ ഡ്രൈവർമാർ രക്ഷപ്പെടുകയാണ്. അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിൽ യാത്രാനിരക്ക് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നിർദ്ദേശമെങ്കിലും നടപ്പായില്ല. സ്ത്രീകൾക്ക് സുരക്ഷിതരായി യാത്ര ചെയ്യാൻ ഒരുക്കിയ സഹയാത്രിക പദ്ധതിയിൽ 25 ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. ഇതാണ് ആകെയുള്ള ആശ്വാസം.
യൂണിയനുകളുടെ പിടിവാശി
മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന നാഗമ്പടത്തെയും, റെയിൽവേ സ്റ്റേഷനിലെയും പ്രീപെയ്ഡ് കൗണ്ടറുകൾ ഓട്ടോഡ്രൈവർമാരുടെ നിസഹകരണത്തെ തുടർന്നാണ് പൂട്ടിയത്. റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ യൂണിയനുകളുടെ അതിപ്രസരം കൗണ്ടറിന് പൂട്ടിടുകയായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ പ്രീപെയ്ഡ് കൗണ്ടർ ആരംഭിക്കാൻ പദ്ധതിയിട്ടെങ്കിലും തുടക്കത്തിലേ പാളി.
''മറ്റ് ജോലികൾ വിട്ട് കൂടുതൽ പേരും ഓട്ടോറിക്ഷ സവാരിയിലേക്ക് മാറിയതോടെ, നഗരത്തിൽ ഓട്ടോറിക്ഷകളുടെ എണ്ണവും വർദ്ധിച്ചു. ഇന്ധനവില വർദ്ധനവും മറ്റ് ചെലവുകളും തുച്ഛമായ നിരക്കിൽ യാത്ര നടത്തുന്നത് നഷ്ടത്തിന് ഇടയാക്കും. -(ഓട്ടോ ഡ്രൈവർമാർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |