ചങ്ങനാശേരി : ഗുരുദേവ ധർമ്മമറിഞ്ഞും, പ്രാർത്ഥിച്ചും ആനന്ദാശ്രമത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാര മഹായജ്ഞത്തിൽ ഭക്തജനപ്രവാഹം. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സംഘടിപ്പിക്കുന്ന യജ്ഞത്തിൽ പ്രാർത്ഥനാനിർഭരമായാണ് ഭക്തർ പങ്കെടുത്തത്. ചടങ്ങുകൾക്ക് സ്വാമി വിശുദ്ധാനന്ദ മുഖ്യകാർമികത്വം വഹിച്ചു.
യജ്ഞശാലയിൽ വിശ്വശാന്തി ഹവനം , ഗുരുദേവ ലക്ഷാർച്ചന, ശ്രീ ശാരദ പൂജ , മഹാഗുരു പൂജ , സർവ്വൈശ്വര്യപൂജ , കുടുംബപൂജ പ്രബോധനം എന്നിവ നടന്നു. ഗുരുദേവ കൃതികളെ ആസ്പദമാക്കി വേദിയിൽ ചിന്മയ പി.എം അവതരിപ്പിച്ച നൃത്താവിഷ്‌കാരം ശ്രദ്ധേയമായി . തുടർന്ന് ' പഞ്ചശുദ്ധി' എന്ന വിഷയത്തിൽ സ്വാമി ശിവബോധാനന്ദ ധർമ്മ പ്രബോധനവും തുടർന്ന് സ്വാമിനി നിത്യ ചിന്മയി ഗൃഹസ്ഥാശ്രമം എന്ന വിഷയത്തിലും പ്രബോധനം നടത്തി.
ഇന്ന് സമാപിക്കും
രാവിലെ 9 ന് യജ്ഞാരംഭം. സ്വാമി വിശുദ്ധാനന്ദ കാർമ്മികത്വം വഹിക്കും. തുടർന്ന് വിശ്വശാന്തിഹവനം, കുടുംബപൂജ, 12.30ന് ഗുരുദേവഭജനാമൃതം, മഹാപ്രസാദമൂട്ട്, 1 ന് നൃത്താവിഷ്‌കാരം, 1.30 ന് മാതൃപൂജ. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തും. ചങ്ങനാശേരി യൂണിയൻ വൈദികയോഗവും ശ്രീനാരായണ ധർമ്മപഠനകേന്ദ്രവും കാർമികത്വം വഹിക്കും. 2.30 ന് സ്മൃതിപൂജ, തുടർന്ന് യജ്ഞസമർപ്പണം, ആദരിക്കൽ, യജ്ഞപ്രസാദവിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |