കോട്ടയം : ഉദ്ഘാടനം കഴിഞ്ഞിട്ടും മൂന്നുവർഷമായി അടഞ്ഞുകിടക്കുന്ന രജിസ്‌ട്രേഷൻ കോംപ്ലക്‌സ് തുറക്കാൻ നടപടിയായി. കെട്ടിടനിർമ്മാണചട്ടങ്ങളിൽ ഇളവനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. നഗരസഭ പരിധിയിൽ കിഫ്ബി പദ്ധതിയിൽ 4.44 കോടി രൂപ മുടക്കിയാണ് കോംപ്ലക്‌സ് നിർമ്മിച്ചത്. 2022 മേയ്യിൽ മന്ത്രി വി.എൻ. വാസവനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാൽ ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് അറിയിച്ച ചീഫ് ടൗൺ പ്ലാനർ സർക്കാറിന് ഇളവ് പരിഗണിക്കാമെന്ന് ശുപാർശ നൽകി. ചട്ടലംഘനമുണ്ടെന്ന് നഗരസഭയും റിപ്പോർട്ട് ചെയ്തിരുന്നു. പാർക്കിംഗിന്റെ അപര്യാപ്തത, ഫയർ എൻ.ഒ.സി ഹാജരാക്കായില്ല, കെട്ടിടവും മുന്നിലെ അതിരും തമ്മിൽ വേണ്ടത്ര ദൂരമില്ല തുടങ്ങിയ കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഫയർ എൻ.ഒ.സി ആവശ്യമില്ലാത്ത വിഭാഗത്തിലാണ് കെട്ടിടമെന്നും പ്ലാൻ സമർപ്പിച്ച് നഗരസഭയിൽനിന്ന് എൻ.ഒ.സി വാങ്ങിയിരുന്നതായും രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ വ്യക്തമാക്കി.
കടുത്ത നിബന്ധനയോടെ ഇളവ്
ഡി.ടി.പി സ്‌കീം പ്രകാരമുള്ള ചട്ടലംഘനം നീക്കണം, നാലാം നില ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശ വകുപ്പ് അധികാരി മുമ്പാകെ ഉറപ്പാക്കണം, അഗ്‌നിബാധയുണ്ടായാൽ രക്ഷപ്പെടാൻ സ്‌റ്റെയർകേസ് നിർമ്മിക്കണം തുടങ്ങിയ നിബന്ധനകൾ പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് ഇളവ്. ഇളവുകൾ ഒഴികെ മറ്റ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തണം.
സജ്ജീകരണങ്ങൾ ഇങ്ങനെ
ജില്ല രജിസ്ട്രാർ ഓഫീസ്
ജില്ല ഓഡിറ്റ് ഓഫീസ്
ചിട്ടി ഇൻസ്‌പെക്ടർ ഓഫീസ്
ചിട്ടി ഓഡിറ്റ് ഓഫിസ്
അഡീ.സബ് രജിസ്ട്രാർ ഓഫീസ്
ബൈൻഡിംഗ് യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |