കൊക്കയാർ : കുറ്റിപ്ലാങ്ങാട്ട് ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ വളർത്തുനായയെ പുലി കൊലപ്പെടുത്തിയതോടെ ഒരു നാടാകെ ഭീതിയുടെ മുൾമുനയിലാണ്. കാൽപ്പാടുകൾ പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ ക്യാമറ ഉൾപ്പടെ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം കിടുകല്ലിങ്കൽ ബിജുവിന്റെ നായയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെ മുറ്റത്ത് നായയുടെ കരച്ചിൽ കേട്ടെങ്കിലും ഭീതി കാരണം പുറത്തിറങ്ങി നോക്കിയില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. രാവിലെ നോക്കുമ്പോൾ നായയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ 500 മീറ്റർ മാറി വനംഭാഗത്താണ് നായയുടെ ജഡം കണ്ടത്. ഉടലും തലയും വേർപ്പെട്ട നിലയിലായിരുന്നു. എരുമേലി റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കാൽപ്പാടുകൾ പുലിയുടേതെന്ന് ഉറപ്പുവരുത്തി. പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ഉടൻ ക്യാമറകൾ സ്ഥാപിക്കും. വനാതിർത്തി മേഖലയാണെങ്കിലും പ്രദേശത്ത് ആദ്യമായാണ് വന്യജീവികളുടെ ശല്യം ഉണ്ടാകുന്നത്.
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി
മതമ്പ, കൊമ്പുകുത്തി, ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറ, ഇ.ഡി.കെ അടക്കമുള്ള വനാതിർത്തി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഏതാനും മാസം മുൻപ് ചെന്നാപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. എന്നിട്ടും വനംവകുപ്പ് അധികൃതർ അലംഭാവം പുലർത്തുകയാണെന്നാണ് ആക്ഷേപം. മുൻപ് ചെന്നാപ്പാറ ഇ.ഡി.കെ പ്രദേശങ്ങളിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ ആനകളെത്തിയിട്ടുണ്ട്. ഒരാൾ പൊക്കത്തിൽ കാട് വളർന്ന് നിൽക്കുന്ന എസ്റ്റേറ്റിനുള്ളിൽ ഭീതിയോടെയാണ് ടാപ്പിംഗ് ജോലികൾ ചെയ്യുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
ഭീതി വിട്ടൊഴിയാതെ മലയോരം
പുലർച്ചെ ടാപ്പിംഗിന് പോകാൻ തൊഴിലാളികൾക്ക് ഭയം
കാട്ടാനക്കൂട്ടം ഏക്കർകണക്കിന് കൃഷി നശിപ്പിക്കുന്നു
മേഖലയിലെ ഭൂരിഭാഗം താമസക്കാരും സാധാരണക്കാർ
രാത്രികാലങ്ങളിൽ വീടുവിട്ടു പേകേണ്ട സാഹചര്യമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |