കോട്ടയം: എട്ട് ജില്ലകൾ പിന്നിട്ട്, അക്ഷരനഗരിയിലെത്തിയ ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് പുലികളിയുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ ആവേശം നിറഞ്ഞ വരവേൽപ്പൊരുക്കി ജില്ല. കായിക വകുപ്പ് സംഘടിപ്പിക്കുന്ന മന്ത്രി വി. അബ്ദുറഹിമാൻ നയിക്കുന്ന കാസർകോട് ആരംഭിച്ച 'കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോർട്‌സ്' ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്കാണ് സ്വീകരണം നൽകിയത്. അക്ഷര നഗരിക്കപ്പുറം കായിക നഗരി കൂടിയാണ് കോട്ടയം.
കൊൽക്കത്തയിൽ തുടങ്ങിയ മുഹമ്മദൻസ് ഫുട്‌ബോൾ ക്ലബിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് പുത്തൂർപള്ളി കേന്ദ്രീകരിച്ച് ആർട്ടിസ്റ്റ് സലീം, ബി.ബി.ഷാജി, ഹനീഫ, അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പിറവികൊണ്ട കളിയാവേശത്തിന് ചങ്ങനാശേരിയിൽ രൂപീകരിച്ച മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്, പാമ്പാടിയിലും പരിസര പ്രദേശത്തും നിലനിന്നിരുന്ന നാടൻ തലപ്പന്തുകളി തുടങ്ങി കായികമേഖലയിൽ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത ചരിത്രമാണ് കോട്ടയത്തിനുള്ളത്.
മാരത്തോണോടെ സന്ദേശ യാത്ര
ചേർപ്പുങ്കലിൽ നിന്നാരംഭിച്ച മാരത്തോണോടെയാണ് സന്ദേശ യാത്ര ആരംഭിച്ചത്. ജോസ് കെ.മാണി എം.പി ഫ്ലാഗ് ഓഫ് ചെയ്തു. 12 കിലോമീറ്റർ ദൂരമുള്ള മാരത്തോൺ ഏറ്റുമാനൂർ ബൈപ്പാസ് ജംഗ്ഷനിൽ സമാപിച്ചു. ബൈപ്പാസ് ജംഗ്ഷൻ മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ സംഘടിപ്പിച്ച വാക്കത്തോൺ മന്ത്രി വി.എൻ വാസവൻ ഫ്ലാഗ് ഓഫ് ചെയ്തു. കായിക മന്ത്രി വി. അബ്ദുറഹിമാൻ വാക്കത്തോണിന് നേതൃത്വം നൽകി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ലൗലി ജോർജ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബൈജു വർഗീസ് ഗുരുക്കൾ, കെ.സി. ലേഖ, ഇ.എസ് ബിജു, ഫാ.ജെയിംസ് മുല്ലശ്ശേരി, എം.ആർ രഞ്ജിത്, ജെ.എസ് ഗോപൻ, എ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. സമ്മാനവിതരണവും നടന്നു. കളിക്കളം വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി കായിക വകുപ്പ് മന്ത്രി കളിക്കളങ്ങൾ സന്ദർശിച്ച്, സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്യ്തു. രണ്ടാംഘട്ട വാക്കത്തോൺ തിരുനക്കര മൈതാനിയിൽ അവസാനിച്ചതോടെ,ജില്ലയിലെ പര്യടനം പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |