കൊക്കയാർ: കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ വളർത്തു നായയെ കടിച്ചുകീറി കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ട സ്ഥലത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. ആക്രമണ രീതികൾ പുലിയുടേത് സമാനമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രദേശത്തു നിന്നും ലഭിച്ച കാൽപ്പാടുകൾ പരിശോധിച്ച് നായയെ കൊന്നത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് വനം വകുപ്പ ് ക്യാമറഫകൾ സ്ഥാപിച്ചത്.
ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ നിന്നും 500 മീറ്റർ മാറി വനം അതിർത്തിയിൽ കിടുകല്ലിങ്കൽ ബിജുവിന്റെ വളർത്തുനായയെ ആണ് ശരീരഭാഗങ്ങൾ വേർപെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടുമുറ്റത്ത് നായയുടെ കുര കേട്ടിരുന്നതായി വീട്ടുകാർ പറയുന്നു. നായയുടെ തലയും ഉടലും വേർപെട്ട നിലയിലും ശരീരഭാഗങ്ങൾ പകുതി ഇല്ലാതെയും ആണ് കണ്ടെത്തിയത്. വനം അതിർത്തി മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്തതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
പുലി ക്യാമറയിൽ പതിഞ്ഞാൽ
കൂടുവയ്‌ക്കും
ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞാൽ കൂടുവയ്ക്കാൻ ആയിട്ടുള്ള തുടർനടപടികൾ ഉണ്ടാകും എന്ന് അധികൃതർ പറഞ്ഞു. കുറ്റിപ്ലാങ്ങാട് സ്കൂളിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് വനം സമീപത്ത് ഉണ്ടെങ്കിലും വന്യജീവി ആക്രമണങ്ങൾ മുൻപ് ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |