കോട്ടയം : മഴ ശക്തമായതോടെ പ്രകൃതിദുരന്ത സാദ്ധ്യത മുന്നിൽക്കണ്ട് ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മലയോരമേഖലയിൽ മണ്ണിടിച്ചിലിനും, ഉരുൾപൊട്ടലിനും സാദ്ധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇതു മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും ഇടവരുത്തുന്നതിനാൽ മുൻകരുതൽ പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിലധികം മഴയാണ് അതിതീവ്രമായ മഴയായി കണക്കാക്കുന്നത്. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് അലർട്ടും 27, 28 തീയതികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
കനത്ത കാറ്റിലും മഴയിലും തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവ.എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു.
ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. ഓടുകൾ തകർന്നു, കഴുക്കോലും പട്ടികയും നിലംപൊത്തി. രണ്ട് തൂണുകൾക്കും തകരാർ സംഭവിച്ചതോടെ കെട്ടിടവും അപകടാവസ്ഥയിലായി. ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിടം തകർന്നതോടെ പുതിയ അദ്ധ്യയന വർഷവും പ്രതിസന്ധിയിലായി. പ്രദേശത്തെ വീടുകൾക്കും നാശനഷ്ടമുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. സ്‌കൂൾ കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
നിർദ്ദേശങ്ങൾ ഇങ്ങനെ
മലയോര മേഖലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണം
വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറണം
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം
നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളലോ കുളിക്കാനോ മീൻപിടിക്കാനോ പാടില്ല
വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ വിനോദ യാത്രകൾ ഒഴിവാക്കണം
മലയോരമേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം
കൺട്രോൾ റൂം തുറന്നു
ജില്ലാ കൺട്രോൾ റൂം നമ്പർ:
9446562236,04812566300,2565400
ടോൾ ഫ്രീ നമ്പർ : 1077
താലൂക്ക് കൺട്രോൾ റൂം നമ്പർ
കോട്ടയം : 8547985727, 0481 2568007
ചങ്ങനാശ്ശേരി : 9496014587, 0481 2420037
കാഞ്ഞിരപ്പള്ളി : 04828202331
മീനച്ചിൽ : 9496686325, 0482 2212325
വൈക്കം : 9496174871, 0482 9231331
''അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണ്. എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. മുൻപ് ഉരുൾപൊട്ടിയ മേഖലകളിൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കും.
-ജില്ലാ ഭരണകൂടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |