കോട്ടയം : ഇക്കുറി പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'ഒരുതൈ നടാം' ജനകീയ ക്യാമ്പയിനിലൂടെ നടുക ഏഴര ലക്ഷം വൃക്ഷൈത്തൈകൾ. എന്നാൽ മുൻവർഷങ്ങളിൽ നട്ടതിൽ ഭൂരിഭാഗവും പരിപാലനമില്ലാതെ നശിച്ചു.
സാമൂഹ്യവനവത്കരണവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ ഒന്നരലക്ഷം വീതം തൈകളാണ് തയ്യാറാക്കുന്നത്. ഓരോ തദ്ദേശസ്ഥാപന വാർഡിൽ നിന്ന് കുറഞ്ഞത് 350 തൈകൾ ജനകീയ ഇടപെടലിലൂടെ പ്രാദേശികമായി തയ്യാറാക്കും. വിദ്യാർഥികൾ, കുടുംബശ്രീ, തൊഴിലുറപ്പുതൊഴിലാളികൾ, ഹരിതകർമസേന, അദ്ധ്യാപക, സർവീസ് സംഘടനകൾ, സന്നദ്ധസംഘടനകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ തൈകൾ തയ്യാറാക്കലും നടീലും നടത്തും. എല്ലാ സ്‌കൂളുകളിലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലും. സ്‌കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ കൂട്ടുകാർക്കു വൃക്ഷത്തൈകൾ പരസ്പരം കൈമാറുന്ന 'ചങ്ങാതിക്കൊരുമരം' പരിപാടി 25 ന് നടക്കും. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷം തൈകൾ നടും. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കും. മികച്ചതിന് അവാർഡുമുണ്ട്. കാലാവധി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപന പ്രതിനിധികൾ തങ്ങളുടെ സേവനകാലത്തിന്റെ സ്മരണ നിലനിറുത്താൻ പ്രതിനിധാനം ചെയ്ത വാർഡിലെ പൊതുസ്ഥലങ്ങളിൽ മൂന്നു വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കും. ജനപ്രതിനിധിയുടെ പേര്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വഹിച്ച ചുമതല, കാലയളവ് എന്നിവ ഉൾപ്പെടുത്തി അടയാളഫലകം സ്ഥാപിക്കും.
പ്രാദേശിക പരിചരണ സമിതികൾ
തൈകൾ വളർച്ച എത്തുംവരെ പരിചരണം ഉറപ്പാക്കാൻ പ്രാദേശികമായി പരിചരണ സമിതികൾ രൂപീകരിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും എത്രമാത്രം പ്രാവർത്തികമാകുമെന്നതിൽ ഉറപ്പില്ല. മുൻപ് നട്ട പ്ലാവ്, നെല്ലി, ചാമ്പ, പേര, ആര്യവേപ്പ്, കറിവേപ്പ്, നാരകം, കുടംപുളി, വാളംപുളി, മാതളം, മാവ്, മുള, ഈട്ടി, മുരിങ്ങ, മഹാഗണി, വാക, കടുക്ക, അമുക്കരം, റംബൂട്ടാൻ, ദന്തപാല, ഊങ്ങ്, കൂവളം, അശോകം, സീതാപ്പിൾ എന്നിവയിൽ എത്രയെണ്ണം പച്ചപിടിച്ചെന്ന കണക്ക് വനംവകുപ്പിന്റെ കൈയിലില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |