കോട്ടയം : ഉത്പാദനം കുറഞ്ഞതോടെ മുട്ടവിലയും ഉയരുന്നു. വരവു വെള്ളമുട്ടയ്ക്ക് ചില്ലറവില 6 -7 രൂപയായി. നാടൻ കോഴിമുട്ടയ്ക്ക് 8-9 , താറാവ് മുട്ട 12 -13 എന്നിങ്ങനെയാണ്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് രൂപവരെയാണ് കൂടിയത്.
കോഴി വളർത്തലിൽ നിന്ന് ആളുകൾ പിന്തിരിയുന്നതിനാൽ നാടൻമുട്ടയ്ക്ക് ക്ഷാമമാണ്. സംസ്ഥാനത്ത് പക്ഷിപ്പനിയെത്തുടർന്ന് താറാവിനെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയശേഷം പല ഫാമുകളും തുറന്നിട്ടില്ല. മണർകാട് ഉൾപ്പെടെ ഹാച്ചറികളിൽ രണ്ടു വർഷമായി കുഞ്ഞുങ്ങളെ വിരിയിക്കുന്നില്ല. തമിഴ്നാട്ടിലെ നാമകല്ലിൽനിന്നാണ് വൻതോതിൽ കോഴിമുട്ട ജില്ലയിൽ എത്തുന്നത്. മുട്ടവില കൂടിയതോടെ മുട്ടക്കറികൾക്കും ഹോട്ടലുകൾ വില ഉയർത്തി. സ്‌കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണമുള്ളതിനാൽ ഡിമാൻഡേറെയാണ്. ഇറച്ചി, മീൻ വില ഉയർന്നു നിൽക്കുന്നതിനാൽ മുട്ട മേടിക്കുന്നവരുമുണ്ട്.
തീറ്റ വിലവർദ്ധന തിരിച്ചടി
അടുത്തയിടെ കുടുംബശ്രീ ഗ്രാമീണമേഖലയിൽ നാടൻ കോഴി ഫാമുകൾ വൻതോതിൽ ആരംഭിച്ചിരുന്നു. മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തിൽ സംവിധാനമില്ലാത്തതാണ് കർഷകരെ കോഴി, താറാവ് വളർത്തലിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. കോഴിത്തീറ്റവില കൂടിയതും തിരിച്ചടിയായി. ഒരു കിലോ തീറ്റയുടെ വില 30 രൂപയാണ്. അടയിരിക്കുന്ന കോഴികളുടെ അഭാവവും പ്രതികൂലമായി ബാധിക്കുന്നു.
ഇറച്ചിക്കോഴി വില കുതിക്കുന്നു
ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 160 രൂപ വരെയായി. വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം. വിലവർദ്ധന ഹോട്ടലുകളെയും തട്ടുകടകളെയുമാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്.
മുട്ടക്കോഴി വളർത്തൽ പദ്ധതി സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് മുട്ട ക്ഷാമം പരിഹരിക്കാനുള്ള ഏക മാർഗം. കോഴിവളർത്തുന്നവരുടെ എണ്ണം കുറയുകയാണ്. ചുരുക്കം കർഷകർ മാത്രമാണ് മുട്ടക്കോഴികളെ വളർത്തുന്നത്. വീടുകളിൽ ചെറു കൂടുകളിൽ വളർത്തുന്നവരാണ് ഏറെയും.
(അജേഷ്, ചെങ്ങളം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |