കോട്ടയം: സിപ് കവറുകളിലാക്കി വില്പനയ്ക്ക് എത്തിച്ച എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ. കാഞ്ഞിരം പാറേനാല്പതിൽ ജെറിൻ (26) , ചെങ്ങളം മാലിയിൽ കിരൺ (24), കിളിരൂർ പരുത്തിയകം സർപ്പപറമ്പിൽ അഭിജിത്ത് ( 23) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജെറിനും സുഹൃത്തുക്കളും പരുത്തിയകം ഭാഗത്ത് മയക്കുമരുന്ന് വില്പനയ്ക്കായി എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. കുമരകം എസ്.എച്ച്.ഒ കെ.ഷിജി യുടെ നിർദ്ദേശപ്രകാരം എസ്.ഐ ഹരിഹരകുമാർ നായർ, ജി.എസ്.ഐ ബസന്ത്, എ.എസ്.ഐ റോയി, എസ്.സി.പി.ഒ സജീത്ത് സജയൻ, യേശുദാസ്, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കോട്ടയം എക്‌സൈസ് റേഞ്ച്, കോട്ടയം ഈസ്റ്റ്, വെസ്റ്റ് കുമരകം സ്റ്റേഷനുകളിലായി എൻ.ഡി.പി.എസ് കൊലപാതകശ്രമം, അടിപിടി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ജെറിൻ. അഭിജിത്തിന്റെ പേരിൽ കുമരകത്ത് എൻ.ഡി.പി.എസ് കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശനപരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |